| Tuesday, 13th December 2022, 7:20 pm

ഇന്ദ്രന്‍സിനോളം വളരുക, മറ്റേതുപമയും പ്രയോഗവും അന്തസാര ശൂന്യം; ഇന്ദ്രന്‍സിന് ഐക്യദാര്‍ഢ്യവുമായി വിനയ് ഫോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്റെ പരാമര്‍ശത്തില്‍ ഇന്ദ്രന്‍സിന് ഐക്യദാര്‍ഢ്യവുമായി വിനയ് ഫോര്‍ട്ട്. ‘ഇന്ദ്രന്‍സിനോളം വളരുക എന്ന് പറയുന്നിടത്താണ് കാതല്‍. മറ്റേതുപമയും പ്രയോഗവും അന്തസാര ശൂന്യമാണ് എന്നാണ് വിനയ് ഫേസ്ബുക്കില്‍ കുറിച്ചത്.

വിനയ് ഫോര്‍ട്ടിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ ചിത്രവും ഇന്ദ്രന്‍സ് തന്നെയാണ്. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ രാഷ്ട്രീയം ചര്‍ച്ചയാക്കിയതോടെയാണ് വാസവന്‍ ഈ രീതിയില്‍ പരാമര്‍ശം നടത്തിയത്.

‘സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി?. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദിസിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു,’ എന്നാണ് വാസവന്‍ പറഞ്ഞത്.

2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ വിജയവും ഹിമാചലിലെ സി.പി.ഐ.എമ്മിന്റെ തോല്‍വിയും ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

എന്നാല്‍, മന്ത്രിയുടെ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് ബോഡി ഷെയിമിങ് പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു.

content highlight: Vinay Fort in solidarity with Indras on minister v.n Vasavan’s remarks.

We use cookies to give you the best possible experience. Learn more