| Saturday, 14th January 2017, 3:46 pm

എന്റെ ജാതി പോലും മറന്നുപോകാറുണ്ട്: ഇന്ന് എല്ലായിടത്തും അസഹിഷ്ണുതയെന്നും വിനയ് ഫോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ന് എല്ലായിടത്തും അസഹിഷ്ണുത മാത്രമാണ് ഉള്ളതെന്നും വളരെ ദു:ഖകരമായ അവസ്ഥയാണ് ഇതെന്നും നടന്‍ വിനയ് ഫോര്‍ട്ട്.

നമ്മള്‍ ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. ഒരു ചിത്രശലഭത്തിന്റെ അത്ര ആയുസേ നമുക്കുള്ളൂ. കലഹിക്കാനൊന്നും മനുഷ്യന് ഈ നാട്ടില്‍ സമയമില്ല. നമ്മുടേത് ചെറിയ ജീവിതമാണ്.

മലയാളത്തില്‍ മഹത്തരമായ സിനിമകളുണ്ടാക്കിയ കമല്‍ സാറിനെ അദ്ദേഹത്തിന്റെ ജാതിയും മതമൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നത് വളരെ ദു:ഖകരമാണെന്നും വിനയ്പറയുന്നു.

എന്റെ ജാതിതന്നെ ഞാന്‍ പലപ്പോഴും മറന്നുപോകാറുണ്ട്.  രാഷ്ട്രീയപാര്‍ട്ടിയുടേയും മതത്തിന്റേയും കലയുടേയുമൊക്കെ അടിസ്ഥാന ആശയം നല്ല മനുഷ്യനെ സൃഷ്ടിക്കുക എന്നതാണെന്നും വിനയ് പറയുന്നു.


ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണ് ചെഗുവേര. ചെഗുവേരയുടെ ഫോട്ടോ വയ്ക്കരുതെന്നൊക്കെ പറയുന്നതിന് എന്ത് അടിസ്ഥാനമാണ് ഉള്ളതെന്നും വിനയ് ഫോര്‍ട്ട് ചോദിക്കുന്നു.

ഇത്രയും നാള്‍ നമ്മുടെ നാടിനെക്കുറിച്ച് വളരെ അഭിമാനമുണ്ടായിരുന്നു. നല്ല സിനിമ നമ്മുടേതാണ്. നല്ല സാഹിത്യം നമ്മുടേതാണ് എന്നൊക്കെ വിശ്വസിച്ചു. ദേശീയഗാനത്തിന്റെ കാര്യവും അതുപോലെ തന്നെ. എവിടെ വച്ച് ജനഗണമന കേട്ടാലും നാം എഴുന്നേല്‍ക്കും.  എന്നാല്‍ ഓരോ സിനിമയ്ക്കു മുന്നിലും ഏതുതരം സിനിമയ്ക്കു മുന്നിലും നിര്‍ബന്ധപൂര്‍വം കേള്‍പ്പിക്കുന്നതിനോട് യോജിപ്പില്ല.

അതേസമയം, ജനഗണമന കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തതിനോടും യോജിപ്പില്ല. അടിച്ചേല്‍പ്പിക്കുന്നതിനോടെല്ലാം നമുക്ക് വിയോജിപ്പാണെന്നും വിനയ് പറയുന്നു.

We use cookies to give you the best possible experience. Learn more