| Sunday, 3rd November 2024, 8:16 am

മമ്മൂക്ക ചെയ്ത ഏറ്റവും മികച്ച വേഷം, ഒരു വില്ലനെ കണ്ട് എനിക്ക് വൗ തോന്നിയ നിമിഷമാണത്: വിനയ് ഫോർട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മമ്മൂട്ടി. വിവിധ ഭാഷകളിൽ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം തന്റെ എഴുപതുകളിലും ഇന്ത്യൻ സിനിമയെ ഞെട്ടിക്കുകയാണ്. നിരവധി സംവിധായകരെ മലയാള സിനിമയിലേക്ക് കൊണ്ടുവന്ന നടൻ കൂടിയാണ് മമ്മൂട്ടി.

ഒരു വടക്കൻ വീരഗാഥ,മതിലുകൾ, വിധേയൻ തുടങ്ങിയ സിനിമകളിൽ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ നടനാണ് മമ്മൂട്ടി. വില്ലൻ കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി വിധേയനിൽ അവതരിപ്പിച്ചത്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത വിധേയനിൽ ഭാസ്കര പട്ടേലായി ഞെട്ടിക്കുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്.

ഒരു വില്ലൻ കഥാപാത്രം കണ്ട് തനിക്ക് വൗ തോന്നിയിട്ടുള്ളത് വിധേയനിലെ മമ്മൂട്ടിയുടെ പെർഫോമൻസാണെന്ന് പറയുകയാണ് നടൻ വിനയ് ഫോർട്ട്. മമ്മൂട്ടി ചെയ്ത ഏറ്റവും മികച്ച കഥാപാത്രമാണതെന്നും അതിലെ മാനറിസമൊന്നും മറ്റൊരാൾക്കും ചെയ്യാൻ കഴിയില്ലെന്നും വിനയ് ഫോർട്ട് പറഞ്ഞു. മോഹൻലാലിൻറെ രാജാവിന്റെ മകനും ഇഷ്ടമാണെന്ന് വിനയ് കൂട്ടിച്ചേർത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു വില്ലൻ കഥാപാത്രത്തെ കണ്ട് എനിക്ക് വൗ തോന്നിയത് മമ്മൂക്കയുടെ വിധേയനാണ്. വിധേയനിലെ കഥാപാത്രം അത്ഭുതപ്പെടുത്തുന്നതാണ്. അത്ഭുതപെടുത്തുകയെന്ന് പറഞ്ഞാൽ എനിക്ക് മമ്മൂക്ക ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചതായി തോന്നിയ ഒന്നാണത്.

ഞാൻ അവസാനം മമ്മൂക്കയെ കണ്ടപ്പോഴും അതിനെ കുറിച്ച് സംസാരിച്ചു. ആ ചിത്രത്തിലെ അദ്ദേഹത്തിന്റെ മാനറിസവും ഇരിപ്പുമെല്ലാം  വേറൊരു അഭിനേതാവിനും ചെയ്യാൻ കഴിയില്ല. അതുപോലെ രാജാവിന്റെ മകനും എനിക്കിഷ്ടമാണ്,’വിനയ് ഫോർട്ട്‌ പറയുന്നു.

അതേസമയം ബസൂക്കയാണ് മമ്മൂട്ടിയുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സ് , മമ്മൂട്ടി – വിനായകൻ ചിത്രം തുടങ്ങി ഒരുപിടി മികച്ച സിനിമകൾ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുണ്ട്.

Content Highlight: Vinay Fort About Mammotty’s Performance In Vidheyan Movie

We use cookies to give you the best possible experience. Learn more