| Monday, 3rd June 2019, 7:00 pm

'മലപ്പുറത്തെ ചില സിനിമകളില്‍ മോശമായി ചിത്രീകരിച്ചു'; ഒരു പ്രദേശത്തെയും ജഡ്ജ് ചെയ്യാനുള്ള അവകാശം നമുക്കില്ലെന്ന് വിനയ് ഫോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു പ്രദേശത്തെയും ജഡ്ജ് ചെയ്യാനുള്ള അവകാശം നമുക്കില്ലെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. മലയാള സിനിമയിലെ മലപ്പുറം കൂട്ടായ്മയെ കുറിച്ച് ചോദിച്ചപ്പോഴാണ് വിനയ് ഫോര്‍ട്ടിന്റെ ഈ മറുപടി. ദേശാഭിമാനി നടത്തിയ അഭിമുഖത്തിലാണ് വിനയ് ഫോര്‍ട്ട് തന്റെ നിലപാട് വ്യക്തമാക്കിയത്.

മുമ്പ് ചില സിനിമകളില്‍ മലപ്പുറത്തെ മോശമായി അവതരിപ്പിച്ചിരുന്നു. ഒരു പ്രദേശത്തെയും ജഡ്ജ് ചെയ്യാനുള്ള അവകാശം നമുക്കില്ല. ക്രിയേറ്റീവായി ഒരുപാട് കഴിവുള്ള ചെറുപ്പക്കാര്‍ മലപ്പുറത്തുണ്ട്. ഷോര്‍ട്ട് ഫിലിമിന്റെയും ഹോം സിനിമയുടെയുമൊക്കെ സ്വാധീനമുള്ളവര്‍. ‘സുഡാനി ഫ്രം നൈജീരിയ’പോലുള്ള അതിഗംഭീര സിനിമകള്‍ ഉണ്ടായത് മലപ്പുറത്തെ കൂട്ടായ്മയില്‍ നിന്നാണെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മികച്ച റിസല്‍ട്ട് ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. തമാശയുടെ ലൊക്കേഷനില്‍ എല്ലാവരും സമന്മാരായിരുന്നു. ചീത്ത പറച്ചിലുമൊന്നുമുണ്ടായിരുന്നില്ല. നല്ല സിനിമ ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും. ഷൂട്ടിനിടെ ഒരു മോശം അനുഭവംപോലുമുണ്ടായിട്ടില്ലെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

വിനയ് ഫോര്‍ട്ട് നായകനാവുന്ന പുതിയ ചിത്രം തമാശ റിലീസിനൊരുങ്ങുകയാണ്. നവാഗതനായ അഷ്‌റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം
ഹാപ്പി അവേഴ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ നവാസ് വള്ളിക്കുന്ന്, ആര്യ സാലിം, അരുണ്‍ കുര്യന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് റെക്‌സ് വിജയന്‍, ഷഹബാസ് അമന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ക്യാമറ സമീര്‍ താഹിറാണ്. ചിത്രം ഈദിന് തിയേറ്ററുകളില്‍ എത്തും.

We use cookies to give you the best possible experience. Learn more