ഗംഭീര സിനിമയുടെ ഭാഗമാകുന്നതിന്റെ ഗുണത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനയ് ഫോർട്ട്. പ്രേമം കഴിഞ്ഞതിന് ശേഷം താൻ ഒരുപാട് നല്ല സിനിമകൾ ചെയ്‌തെങ്കിലും അത്രത്തോളം പോപ്പുലർ ആയില്ലെന്ന് വിനയ് ഫോർട്ട് പറഞ്ഞു. ഗോൾഡ് സിനിമയിൽ രണ്ട് സീനേ ഉണ്ടായിരുന്നുള്ളുവെന്നും അൽഫോൺസ് പുത്രൻ വിളിച്ചപ്പോൾ കഥാപാത്രം എന്താണെന്ന് അറിയാതെയാണ് പോയതെന്നും വിനയ് റേഡിയോ മാങ്കോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ പ്രേമം സിനിമ കഴിഞ്ഞിട്ടാണ് ലിജോ ചേട്ടന്റെ സിനിമ ചെയ്തത്. അതിന് ശേഷം മഹേഷേട്ടന്റെ പടം ചെയ്തു. കനകം കാമിനി കലഹം, തമാശ, ഉറുമ്പുകൾ ഉറങ്ങാറില്ല, കിസ്മത്ത് തുടങ്ങിയ സിനിമകളെല്ലാം ചെയ്തു. ഒരുപിടി നല്ല കഥാപാത്രങ്ങൾ, നല്ല സിനിമകളും ചെയ്തു. പക്ഷേ പ്രേമം പോലൊരു സിനിമ എനിക്ക് പിന്നീട് ചെയ്യാൻ പറ്റിയിട്ടില്ല. അത്രയും ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം എനിക്ക് പിന്നെ ചെയ്യാൻ പറ്റിയോ എന്നറിയില്ല.
തമാശ സിനിമ ഞാൻ ചെയ്തിട്ടുണ്ടെങ്കിലും പ്രേമം ഒരായിരം പേര് കണ്ടിട്ടുണ്ടെങ്കിൽ തമാശ ഒരാളായിരിക്കും കണ്ടിട്ടുണ്ടാകുക. പ്രേമം അത്രയും ഒരു പോപ്പുലർ സിനിമയാണ്,’ വിനയ് ഫോർട്ട് പറഞ്ഞു.
പ്രേമം അത്രയും പോപ്പുലർ ആവാൻ കാരണം തന്റെ കഥാപാത്രത്തിന്റെ പ്രതേകതയാണോ അതോ സിനിമയുടേതാണോ എന്ന ചോദ്യത്തിനും വിനയ് ഫോർട്ട് അഭിമുഖത്തിൽ മറുപടി പറയുന്നുണ്ട്. ‘ആ സിനിമയുടെ പ്രത്യേകതയാണ്. ആ സിനിമയുടെ പോപ്പുലാരിറ്റിയാണ്. അതൊരു സംവിധായകന്റെ കഴിവാണ്.
ഒരു ഗംഭീര പടത്തിൽ ഒരു ഡീസന്റ് കഥാപാത്രം ചെയ്ത് ഡീസന്റ് ആയി അഭിനയിച്ചു കഴിഞ്ഞാൽ അതാണ് ശ്രദ്ധിക്കപ്പെടുക. അതാണ് നമുക്ക് ഗുണം ചെയ്യുക. ഓടാത്ത ഒരു പടത്തിൽ മരിച്ച് അഭിനയിച്ച് ഭയങ്കര പെർഫോമൻസ് കാഴ്ച വെച്ചിട്ട് ഒരു കാര്യവുമില്ല. അൽഫോൺസ് പുത്രന്റെ ഗോൾഡ് എന്ന സിനിമയിൽ രണ്ട് സീനേ ഉണ്ടായിരുന്നുള്ളൂ. അൽഫോൺസ് വിളിച്ചു, എന്റെ ക്യാരക്ടർ എന്താണ് സീൻ എന്താണെന്ന് അറിയാതെയാണ് ഞാൻ പോയി അഭിനയിച്ചത്.
പുതിയ ഡയറക്ടർ ആണ് വിളിക്കുന്നതെങ്കിൽ, ഈ മൂന്നാല് സീനാണ് ഉള്ളത് എങ്കിൽ അഭിനയിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പണി ഏകദേശം ഒരുപോലെയാണ്. 90% സിനിമകൾക്കും നമ്മൾ പണിയെടുക്കേണ്ടി വരും. അഞ്ചാറ് സീനുള്ള ക്യാരക്ടറുകൾ ചെയ്യുന്നതിനേക്കാളും നമുക്ക് നല്ലത് ഒരു മേജർ റോൾ ചെയ്യുന്നതാണ്. ഇത്രയും കാലമായില്ലേ, ഇനി നമ്മുടേത് കൂടെ അവകാശപ്പെടാവുന്ന സിനിമകളുടെ ഭാഗമാവുക എന്നതാണ് നല്ലത്. പക്ഷേ ഒരു 10 സീനുള്ള മൈൻഡ് ബ്ലോയിങ് ക്യാരക്ടർ ആണെങ്കിൽ ഞാൻ ചെയ്യും,’ വിനയ് ഫോർട്ട് പറയുന്നു.
Content Highlight: Vinay fort about how he acted in Gold movie