|

ആദ്യ ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞ് ഏഴ് ദിവസം ഞാന്‍ ഡിപ്രഷനിലായിരുന്നു; മാലിക് ഷൂട്ടിംഗ് ഓര്‍മ്മകളുമായി വിനയ് ഫോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മാലിക് സെറ്റിലെ ആദ്യ ദിവസത്തെ ഷൂട്ടിംഗ് അനുഭവത്തെപ്പറ്റി മനസ്സുതുറക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്. സ്‌ക്രീനില്‍ ഡേവിഡായി എത്തിയപ്പോഴുണ്ടായ അനുഭവങ്ങളെപ്പറ്റിയാണ് വിനയ് തുറന്നുപറഞ്ഞത്.

ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് വിനയ്‌യുടെ പ്രതികരണം. ആദ്യ സീന്‍ ഷൂട്ട് ചെയ്തതിന് ശേഷം താന്‍ വല്ലാതെ ഡിപ്രസ്ഡ് ആയെന്നും വിനയ് പറയുന്നു.

‘ഷൂട്ടിന്റെ ആദ്യ ദിവസം ഏറ്റവും കുറച്ച് കഠിനമായ ഒരു സീനാണ് ചെയ്തത്. മകനെ കാണാന്‍ ജയിലിലെത്തുന്ന രംഗമായിരുന്നു അത്. വളരെ പ്രയാസപ്പെട്ട് ചെയ്ത സീനായിരുന്നു അത്. ആദ്യ ദിവസം തന്നെ അറുപത് വയസ്സുകാരനായി അഭിനയിക്കണം എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ഒരു ധാരണ കിട്ടിയിരുന്നില്ല.

അവിടെ റീ ടേക്കുകളുടെ ഒരു പരമ്പര ഞാന്‍ നടത്തി. ഞാന്‍ ആകെ ഡിപ്രസ്ഡ് ആയിട്ടാണ് വീട്ടില്‍ പോയത്. ഉറക്കം വരുന്നില്ലായിരുന്നു. നമ്മള്‍ ദയനീയ പരാജയമായി പോകുകയാണോ എന്നൊക്കെ തോന്നി.

പിന്നെ ഒരു ഏഴ് ദിവസം എനിക്ക് ഷൂട്ട് ഉണ്ടായിരുന്നില്ല. ഒരു തരം ഡിപ്രഷന്‍ ആയിരുന്നു. ഒരു ദിവസം ഞാന്‍ സൗമ്യയോട് പറഞ്ഞു. സൗമ്യ ഇനി മുതല്‍ ചിലവ് ചുരുക്കി ജീവിക്കേണ്ടി വരും എന്നൊക്കെ.

കാരണം എനിക്ക് അറിയില്ല ഈ വണ്ടി എത്രനാള്‍ ഓടും എന്ന്. ഒരു പരാജയപ്പെട്ട നടനായിട്ടാണ് ഞാന്‍ തിരികെ വീട്ടിലെത്തിയത്. ഏഴ് ദിവസം കഴിഞ്ഞാണ് പിന്നീട് ഞാന്‍ ഷൂട്ടിന് പോയത്.

അപ്പോള്‍ മേക്കപ്പ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ അവിടെ സംസാരിക്കുന്നുണ്ടായിരുന്നു, തലേന്ന് ഫഹദിന്റെ സീന്‍ 20 റീടേക്ക് ഒക്കെ പോയിരുന്നു എന്ന്. അതൊക്കെ കേട്ടപ്പോള്‍ ഞാന്‍ ഒക്കെയായി. ഇതൊന്നും സീന്‍ ഇല്ല എന്ന് മനസ്സിലായി. പിന്നെ എല്ലാം ആസ്വദിക്കാന്‍ തുടങ്ങി,’ വിനയ് പറഞ്ഞു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് ജൂലൈ 15നാണ് റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ് ഫാസില്‍, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജലജ, ദിവ്യ പ്രഭ, മീനാക്ഷി, സനല്‍ അമന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമാണെന്നാണ് മാലികിനെതിരെ ഉയരുന്ന പ്രധാന ആരോപണം.

ബീമാപ്പള്ളി വെടിവെയ്പ്പിനെ ഏകപക്ഷീയമായി നോക്കിക്കാണുന്ന സിനിമയെന്നും മാലികിനെ വിമര്‍ശിക്കുന്നു. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Vinay Fort About First Day Shooting In Malik