Entertainment
ആ നടന്റെ സിനിമകൾ സ്ഥിരമായി കാണുമായിരുന്നു, പക്ഷെ ഇപ്പോൾ അവ വർക്കാവാറില്ല: വിനയ് ഫോർട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 09, 05:00 pm
Saturday, 9th November 2024, 10:30 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് വിനയ് ഫോര്‍ട്ട്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ ഓരോന്നും മികച്ചതാക്കാന്‍ താരത്തിന് സാധിക്കാറുണ്ട്. നര്‍മം നിറഞ്ഞ കഥാപാത്രങ്ങള്‍ ആണെങ്കിലും വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും വിനയ് ഫോര്‍ട്ടിന്റെ കൈകളില്‍ ഭദ്രമാണ്.

ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാനയെ കുറിച്ച് സംസാരിക്കുകയാണ് വിനയ് ഫോർട്ട്. പണ്ട് താൻ സ്ഥിരമായി ആയുഷ്മാൻറെ സിനിമകൾ കാണുമായിരുന്നുവെന്നും എന്നാൽ പിന്നീട് അവ വർക്കാവാതെ ആയെന്നും വിനയ് ഫോർട്ട് പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു വിനയ്.

‘ഞാൻ സ്ഥിരമായിട്ട് ആയുഷ്മാന്റെ എല്ലാ സിനിമകളും കാണുമായിരുന്നു. പിന്നെ ഞാൻ നിർത്തി. ദം ലഗാ കെ ഹൈശാ എന്ന പടം എനിക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ്. അതെനിക്ക് വളരെ വർക്ക്‌ ആയ സിനിമയാണ്. അതിന് ശേഷമുള്ള ഒന്ന് രണ്ട് സിനിമകളും വർക്കായി. പക്ഷെ പിന്നെ കണ്ടപ്പോൾ എനിക്ക് വർക്ക്‌ ആയില്ല,’ വിനയ് പറയുന്നു.

ഒരേ ടൈപ്പിൽ ഒതുങ്ങേണ്ട കാര്യമില്ലെന്നും താരമൂല്യമുള്ളവർ ചെയ്യുന്ന തരത്തിലുള്ള വേഷങ്ങൾ തന്റെ രീതിയിൽ ചെയ്യാൻ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും വിനയ് പറഞ്ഞു.

‘നമ്മൾ അതിൽ ഒതുങ്ങേണ്ട കാര്യമില്ല. ഞാൻ മാറി നിന്ന് നോക്കുമ്പോൾ എനിക്ക് തോന്നുന്നത് ഈ പറയുന്ന ആളുകൾ ചെയ്യുന്നത് നമുക്ക് ചെയ്യാൻ കഴിയും. ആത്മവിശ്വാസ കൂടുതൽ ഉള്ളത്കൊണ്ടാണോ എന്നറിയില്ല.

താരമൂല്യവും സാറ്റലൈറ്റ് വാല്യൂവുമെല്ലാം ഉള്ള താരങ്ങൾ ചെയ്യുന്ന വേഷങ്ങൾ എന്റേതായ രീതിയിൽ എനിക്ക് ചെയ്യാൻ കഴിയും. അവർ ചെയ്യുന്ന പോലെ ആയിരിക്കില്ല ഞാൻ ചെയ്യുമ്പോൾ. പക്ഷെ ആ കഥാപാത്രത്തോട് എനിക്ക് നീതി കാണിക്കാൻ കഴിയും.


അതുകൊണ്ട് തന്നെ ഒരു മിഡിൽ ക്ലാസ്സ്‌ സോണിലുള്ള പടങ്ങൾ സ്ഥിരമായി വരുമ്പോൾ എനിക്ക് ബോറടിക്കുകയാണ്. അങ്ങനെയുള്ള വേഷങ്ങൾ ചെയ്യില്ല എന്നല്ല. പക്ഷെ അത്രയും നല്ല കഥാപാത്രങ്ങൾ ആവണം,’വിനയ് ഫോർട്ട്‌ പറയുന്നു.

 

Content Highlight: Vinay Fort About Bollywood Actor Ayushman khurana