നിതിന്‍ മോളിയിലൂടെ മാത്രം ആഘോഷിക്കപ്പെടേണ്ട നടനല്ല നിവിന്‍; ഇനിയും കാണാന്‍ പോകുന്നതേയുള്ളൂ: വിനയ് ഫോര്‍ട്ട്
Entertainment
നിതിന്‍ മോളിയിലൂടെ മാത്രം ആഘോഷിക്കപ്പെടേണ്ട നടനല്ല നിവിന്‍; ഇനിയും കാണാന്‍ പോകുന്നതേയുള്ളൂ: വിനയ് ഫോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th May 2024, 10:39 pm

വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ നിതിന്‍ മോളി എന്ന കഥാപാത്രം കൊണ്ട് മാത്രം ആഘോഷിക്കപ്പെടേണ്ട നടനല്ല നിവിന്‍ പോളിയെന്ന് പറയുകയാണ് വിനയ് ഫോര്‍ട്ട്. നിവിനില്‍ നിന്ന് ഇനിയും ഒരുപാട് എന്റടൈനേഴ്സ് വരാനുണ്ടെന്നും താരം പറഞ്ഞു.

തന്റെ പുതിയ ചിത്രമായ പെരുമാനിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. കൂടെയുള്ളവര്‍ക്ക് ലക്ഷ്വറി കൊടുക്കുന്ന ഒരു നടനാണ് നിവിനെന്നും തന്നെക്കാള്‍ കൂടുതല്‍ സ്പേസ് മറ്റുള്ളവര്‍ക്ക് ഉണ്ടാകുമോയെന്ന് നിവിന്‍ ചിന്തിക്കാറില്ലെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.

‘നിവിന്റെ തിരിച്ചുവരവില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഒരു ഔട്ട് സൈഡറായിട്ടുള്ളയാള്‍ അവന്റെ തിരിച്ചുവരവിനെ ആഘോഷിക്കുന്നത് പോലെയല്ല എന്റെ കാര്യം. അവന്റെ കഴിവിനെ പറ്റി നല്ല ബോധ്യമുള്ളത് കൊണ്ടാണ് അത്.

നിവിന്‍ പണ്ട് ചെയ്തുവെച്ചിട്ടുള്ള കുറേ വിജയങ്ങളുണ്ട്. മറ്റൊരു നടനും അതൊന്നും അവകാശപ്പെടാന്‍ ആവില്ല. ബാക്ക് റ്റു ബാക്ക് സൂപ്പര്‍ഹിറ്റുകളും ബ്ലോക്ക്ബസ്റ്ററുകളും ഉണ്ടാക്കിയ നടനാണ് അവന്‍. ഏതൊരു നടനായാലും അയാളുടെ കരിയറില്‍ ഗുഡ് ഫേസും ബാഡ് ഫേസും ഉണ്ടാകാറുണ്ട്.

അതില്‍ നിന്നൊക്കെ തിരിച്ചുവരാനുള്ള ടാലന്റ് നിവിനുണ്ട്. പിന്നെ കോ ആക്ടേഴ്സിന് ലക്ഷ്വറി കൊടുക്കുന്ന ഒരു നടന്‍ കൂടിയാണ് അവന്‍. അവന്റെ കൂടെ അഭിനയിക്കാന്‍ നല്ല രസമാണ്. നമ്മളെക്കാള്‍ കൂടുതല്‍ സ്പേസ് മറ്റുള്ളവര്‍ക്ക് ഉണ്ടാകുമോ എന്നൊന്നും നിവിന്‍ ചിന്തിക്കാറില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ വേഷം കൊണ്ട് മാത്രം ആഘോഷിക്കപ്പെടേണ്ട നടനല്ല നിവിന്‍. അവനില്‍ നിന്ന് ഇനിയും ഒരുപാട് എന്റടൈനേഴ്സ് വരാനുണ്ട്. അതൊക്കെ കാണാന്‍ പോകുന്നതേയുള്ളൂ,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

ഇന്നത്തെ മലയാള സിനിമയുടെ ഗോള്‍ഡന്‍ പിരീഡിനെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സും പ്രേമലുവും പോലെയുള്ള സിനിമകളാണ് മലയാള ചിത്രങ്ങള്‍ക്ക് ചെന്നൈയും ഹൈദരാബാദും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വലിയ മാര്‍ക്കറ്റ് ക്രിയേറ്റ് ചെയ്തതെന്നും വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

‘ഏറ്റവും നല്ല കണ്ടന്റ് നല്‍കുന്ന സിനിമാ ഇന്‍ഡസ്ട്രി മലയാളമാണ്. ഇന്ത്യയില്‍ എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ് അത്. ഏറ്റവും സോള്‍ഫുള്ളായ സിനിമകള്‍ ഉണ്ടാക്കുന്ന ഇന്‍ഡസ്ട്രിയും നമ്മളുടേതാണ്. പക്ഷേ നമുക്ക് ഈ പറയുന്ന റീച്ചോ മാര്‍ക്കറ്റോയൊന്നും തന്നെയില്ല. ആട്ടം സിനിമ മലയാളത്തിന്റെ ഇന്നത്തെ ഗോള്‍ഡന്‍ പിരീഡിന് തുടക്കമായി എന്നുള്ളതില്‍ സന്തോഷമുണ്ട്.

എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്‌സും പ്രേമലുവും പോലെയുള്ള സിനിമകളാണ് നമ്മളുടെ പടങ്ങള്‍ക്ക് ചെന്നൈ, ഹൈദരാബാദ് പോലെയുള്ള സ്ഥലങ്ങളില്‍ വലിയ മാര്‍ക്കറ്റ് ക്രിയേറ്റ് ചെയ്തത്. അതിനര്‍ത്ഥം നമ്മളുടെ ഇന്‍ഡസ്ട്രി വലുതാകുകയാണ് എന്നതാണ്. മലയാള സിനിമക്ക് കാഴ്ചക്കാര്‍ കൂടുകയാണ്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.


Content Highlight: Vinay Forrt Talks About Nivin Pauly’s Comeback