ഫഹദിനൊപ്പമുള്ള സീന്‍ മഹേഷേട്ടന്‍ കട്ട് വിളിച്ചു, ഈ കഥാപാത്രം മണ്ടനല്ലെന്ന് പറഞ്ഞു: വിനയ് ഫോര്‍ട്ട്
Film News
ഫഹദിനൊപ്പമുള്ള സീന്‍ മഹേഷേട്ടന്‍ കട്ട് വിളിച്ചു, ഈ കഥാപാത്രം മണ്ടനല്ലെന്ന് പറഞ്ഞു: വിനയ് ഫോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th June 2023, 8:10 am

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് മാലിക്. ചിത്രത്തിലെ വിനയ് ഫോര്‍ട്ടിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. മാലിക്കിലെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിനയ് ഫോര്‍ട്ട്.

ഒരു രംഗത്തില്‍ താന്‍ ഇംപ്രസീവായി ചെയ്തപ്പോള്‍ മഹേഷ് നാരായണന്‍ കട്ട് പറഞ്ഞെന്നും താന്‍ കാരണം ചോദിച്ചപ്പോള്‍ കഥാപാത്രം മണ്ടനല്ല എന്ന് പറഞ്ഞുവെന്നും വിനയ് പറഞ്ഞു. മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘മാലിക്ക് നല്ല ടഫ് പരിപാടിയായിരുന്നു. കാരണം, പല കാലഘട്ടങ്ങളാണ് കാണിക്കുന്നത്. എനിക്ക് 60 വയസുള്ള ഒരു ആളെ റിലേറ്റ് ചെയ്യാനേ പറ്റില്ല. ബോഡി ലാംഗ്വേജ് എങ്ങനെയാണെന്നൊന്നും അറിയില്ല.

അപ്പോള്‍ ഞാന്‍ അച്ഛനെയാണ് നോക്കിയത്. എനിക്കൊരു കുട്ടിയുണ്ടാവുമ്പോള്‍ ഞാന്‍ അച്ഛനെ പോലെയാണല്ലോ. അച്ഛനും അന്നത്തെ കാലഘട്ടത്തിലെ പോലെ വലിയ കൃതാവുള്ള, മുടി വളര്‍ത്തിയ ആളായിരുന്നു. അദ്ദേഹത്തിന് പ്രായമായിരിക്കുമ്പോഴാണ് ഞാന്‍ മാലിക്ക് ചെയ്യുന്നത്. അച്ഛന്റെ ശരീര ഭാഷയും ഞാന്‍ ശ്രദ്ധിക്കുമായിരുന്നു.

പിന്നെ മഹേഷ് നാരായണന്‍ ക്ലാരിറ്റി ഉള്ള ഫിലിം മേക്കറാണ്. ഡേവിഡ് എങ്ങനെ നടക്കും, ഇരിക്കും, സംസാരിക്കും എന്നൊക്കെ മഹേഷിന് അറിയാം. ഫഹദും ഞാനും യേശുവിന്റെ പ്രതിമ നോക്കിയിരിക്കുന്ന ഒരു രംഗമുണ്ട്. എടാ നീ അങ്ങോട്ട് നോക്കിക്കേ എന്ന് ഫഹദ് എന്നോട് പറയും. ഞാന്‍ നോക്കിയിട്ട് തിരിഞ്ഞ് എന്താണെന്ന് ചോദിക്കും. അപ്പോള്‍ മഹേഷേട്ടന്‍ റീടേക്ക് പോകാമെന്ന് പറഞ്ഞു.

മഹേഷേട്ടാ എന്താണെന്ന് ഞാന്‍ ചോദിച്ചു. വാ തുറന്നിട്ടാണ് അഭിനയിച്ചത് എന്ന് പറഞ്ഞു. അത് ഇംപ്രസീവായി ചെയ്തതാണെന്ന് ഞാന്‍ പറഞ്ഞു. ഒന്നിങ്ങ് വരാന്‍ പറഞ്ഞു. സീന്‍ കാണിച്ചിട്ട് മണ്ടനെ പോലെയുണ്ടോ എന്ന് ചോദിച്ചു. ആ ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. ഡേവിഡ് മണ്ടനല്ല പൊക്കോളാന്‍ പറഞ്ഞു,’ വിനയ് പറഞ്ഞു.

കൊള്ളയാണ് ഒടുവില്‍ പുറത്ത് വന്ന വിനയ് ഫോര്‍ട്ടിന്റെ ചിത്രം. സുരാജ് വര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ രജിഷ വിജയന്‍, പ്രിയ വാര്യര്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോബി-സഞ്ജയ് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ.

Content Highlight: vinay forrt talks about malik and mahesh narayanan