| Sunday, 5th May 2024, 5:31 pm

അന്ന് ടീസര്‍ ഷൂട്ട് ചെയ്തു; പിന്നീട് സിനിമയില്‍ എനിക്ക് പകരം ആ സംവിധായകന്‍ കാസ്റ്റ് ചെയ്തത് മറ്റൊരാളെ: വിനയ് ഫോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ പ്രേക്ഷക പ്രശംസ നേടിയ അപ്പന്‍ എന്ന ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പെരുമാനി’. ഏറെ വ്യത്യസ്തമായ പെരുമാനി എന്ന ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന ചിത്രമാണ് ഇത്.

സംവിധായകന്‍ മജു തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ദീപ തോമസ്, സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. രാധിക രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ എന്നിവരും പെരുമാനിയില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു.

ഈ സിനിമക്ക് വേണ്ടി സംവിധായകന്‍ മജു തന്നെ സമീപിച്ചതിനെ കുറിച്ചും പിന്നീട് ആ കഥാപാത്രത്തിലേക്ക് മറ്റൊരാളെ കൊണ്ടുവന്നതിനെ കുറിച്ചും പറയുകയാണ് വിനയ് ഫോര്‍ട്ട്. പെരുമാനിയുടെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഒരു സിനിമയില്‍ അഭിനയിക്കണം എന്ന് പറഞ്ഞ് എന്നെ ആദ്യം മജു അപ്രോച്ച് ചെയ്യുന്നത് ഈ പ്രൊജക്റ്റിന് വേണ്ടിയാണ്. ഈ കഥാപാത്രത്തിന് വേണ്ടി തന്നെയായിരുന്നു. അത് എനിക്ക് ഓര്‍മയുണ്ട്. അന്ന് ഈ സിനിമക്ക് വേണ്ടി ഒരു ടീസറും ക്രിയേറ്റ് ചെയ്തിരുന്നു.

മൂന്ന് മിനിട്ടുള്ള ടീസറാണ് അന്ന് ഷൂട്ട് ചെയ്തത്. അതിനൊക്കെ മജു മിടുക്കനാണ്. അത് കഴിഞ്ഞ് ഞങ്ങള്‍ വേറെ ഒരു പ്രൊജക്റ്റിലേക്ക് പോയി. കേമി എന്ന് പറഞ്ഞ ഒരു പ്രൊജക്റ്റ് ആയിരുന്നു അത്. അതില്‍ ഞങ്ങള്‍ മൂന്നുനാല് വര്‍ഷം വര്‍ക്ക് ചെയ്തു.

അതിന് ശേഷം ഈ പ്രൊജക്റ്റ് ഓണ്‍ ആയപ്പോള്‍ അവന്‍ എന്നെ കാസ്റ്റ് ചെയ്തില്ല. ഞാന്‍ ഒരു ദിവസം വെറുതെ ഫേസ്ബുക്കില്‍ നോക്കുമ്പോള്‍ മജു ഓണ്‍ലൈനില്‍ ഉണ്ടെന്ന് കണ്ടു. ഇപ്പോള്‍ വിളിച്ചാല്‍ ഇയാള്‍ ഫോണ്‍ എടുക്കുമെന്ന് എനിക്ക് തോന്നി. അതിന് മുമ്പ് ഫോണ്‍ എടുക്കാത്തതിന്റെ വിയോജിപ്പില്‍ ഞങ്ങള്‍ വഴക്കിട്ടിരിക്കുകയാണ്.

ഞാന്‍ വിളിച്ചിട്ട് എന്തുണ്ട് വിശേഷമെന്ന് ചോദിച്ചു. ഞാന്‍ സിനിമയെ കുറിച്ചായിരുന്നില്ല ചോദിച്ചത്, അവന്റെ ജീവിതത്തെ കുറച്ചായിരുന്നു. എല്ലാം പറഞ്ഞു കഴിഞ്ഞ ഇവന്‍ ‘ഞാന്‍ ഇങ്ങനെയൊരു ചെറിയ പരിപാടി ആലോചിക്കുന്നുണ്ട്. ലുക്കുവിനെയും ഈ ഒരു നടനെയും വെച്ചിട്ടാണ്’ എന്ന് പറഞ്ഞു.

ഇത്രയും കാലം നമ്മള്‍ ഒരുമിച്ച് നടന്നിട്ട് ഞാന്‍ ഇല്ലയല്ലേ മജു എന്ന് ഞാനും തിരിച്ചു ചോദിച്ചു. ആദ്യമേ എന്നെ അപ്രോച്ച് ചെയ്തത് ഈ ഒരു കഥാപാത്രത്തിന് വേണ്ടിയായിരുന്നു. പക്ഷേ സിനിമ ഓണ്‍ ആയപ്പോള്‍ ഈ കഥാപാത്രം വേറെ ഒരാള്‍ക്കും. അവസാനം ഞാന്‍ ഇയാളെ സ്വാധീനിച്ചാണ് ഈ സിനിമയില്‍ വരുന്നത്,’ വിനയ് ഫോര്‍ട്ട് പറയുന്നു.


Content Highlight: Vinay Forrt Talks About Maju And Perumani Movie

We use cookies to give you the best possible experience. Learn more