മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് വിനയ് ഫോര്‍ട്ട്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ ഓരോന്നും മികച്ചതാക്കാന്‍ താരത്തിന് സാധിക്കാറുണ്ട്. നര്‍മം നിറഞ്ഞ കഥാപാത്രങ്ങള്‍ ആണെങ്കിലും വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും വിനയ് ഫോര്‍ട്ടിന്റെ കൈകളില്‍ ഭദ്രമാണ്.
തന്റെ പ്രിയപ്പെട്ട സിനിമയെ കുറിച്ച് സംസാരിക്കുകയാണ് വിനയ് ഫോര്‍ട്ട്. തമാശ എന്ന സിനിമയിലെ ശ്രീനിവാസന്‍ മാഷ് ഒരിക്കലും മനസില്‍ നിന്ന് പോവില്ലയെന്നും ആ സിനിമയോട് തന്റെ കുഞ്ഞിനോടെന്നപോലെ ആത്മബന്ധമുണ്ടെന്നും വിനയ് ഫോര്‍ട്ട് പറയുന്നു. തനിക്ക് സന്തോഷം നല്‍കുന്ന മറ്റൊരു കഥാപാത്രം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിലേതാണെന്ന് വിനയ് പറഞ്ഞു.
ചിത്രത്തിലെ ഡേവിഡ് ക്രിസ്തുദാസ് എന്ന കഥാപാത്രത്തിന്റെ ഇമോഷണല്‍ ജേര്‍ണി തന്നിലെ നടനിലെ വികാര പ്രകടനങ്ങളെ പല രീതിയില്‍ പരീക്ഷിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെല്ലുവിളിയും എക്‌സൈറ്റ്‌മെന്റ് നല്‍കുന്നതുമായ കഥാപാത്രത്തെ താന്‍ ഇപ്പോഴും അന്വേഷിക്കുകയാണെന്നും വ്യത്യസ്തമായ കഥാപാത്രങ്ങളെ തന്നെത്തേടി വരാനിരിക്കുന്നതേയുള്ളുവെന്നും വിനയ് പറയുന്നു.
നായകനാകുക എന്നതിനല്ല താന്‍ പ്രാധാന്യം നല്‍കുന്നതെന്നും സിനിമ കണ്ടുകഴിയുമ്പോള്‍ പ്രേക്ഷകരുടെ മനസില്‍ ഉണ്ടായിരിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനയ് ഫോര്‍ട്ട്.
‘തമാശ എന്ന സിനിമയിലെ ശ്രീനിവാസന്‍ മാഷ് ഒരിക്കലും മനസില്‍ നിന്ന് പോവില്ല. ആ സിനിമയോട് എന്റെ കുഞ്ഞിനോടെന്നപോലെ ആത്മബന്ധമുണ്ട്. സന്തോഷം നല്‍കുന്ന മറ്റൊരു കഥാപാത്രം മാലിക്കിലേതാണ്. ഡേവിഡ് ക്രിസ്തുദാസിന്റെ ഇമോഷണല്‍ ജേര്‍ണി എന്നിലെ നടനിലെ വികാര പ്രകടനങ്ങളെ പലതരത്തില്‍ പരീക്ഷിച്ചു.
ഏറ്റവും വെല്ലുവിളി നല്‍കുന്ന, എക്‌സൈറ്റ്മെന്റ് നല്‍കുന്ന, കൗതുകം ജനിപ്പിക്കുന്ന കഥാപാത്രങ്ങളെ ഞാന്‍ ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ കൂടുതല്‍ വെല്ലുവിളികളുള്ള കഥാപാത്രങ്ങള്‍ എന്നെ തേടി വരാനിരിക്കുന്നതേയുള്ളൂവെന്നും ഞാന്‍ വിശ്വസിക്കുന്നു. നായകനാവുക എന്നതല്ല, സിനിമ കണ്ടുകഴിയുമ്പോള്‍ നമ്മള്‍ പ്രേക്ഷകരുടെ മനസില്‍ ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം,’ വിനയ് ഫോര്‍ട്ട് പറയുന്നു.
Content Highlight: Vinay Forrt talks about his movies