| Thursday, 13th July 2023, 5:24 pm

'ഫിലിം സ്‌കൂളില്‍ പോയപ്പോള്‍ എതിര്‍പ്പുണ്ടായി; ലോണൊക്കെ ഇവന്‍ എങ്ങനെ അടച്ചുതീര്‍ക്കുമെന്ന് ചോദിച്ചവരുണ്ട്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ ഫിലിം സ്‌കൂളില്‍ പഠിക്കാന്‍ പോകുന്ന സമയത്ത് ബന്ധുക്കളില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നന്നെും എന്നാല്‍ വീട്ടുകാര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും നടന്‍ വിനയ് ഫോര്‍ട്ട്. സിനിമ, നാടകം എന്നിവ തന്നെ സംബന്ധിച്ച് ജോലിയല്ലെന്നും അത് ചെയ്യാന്‍ വേണ്ടിയാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനയ് ഫോര്‍ട്ട്.

‘ഞാനൊരു തിയേറ്റര്‍ ആക്ടര്‍ ആണ്. നാലാം ക്ലാസ് മുതല്‍ നാടകങ്ങള്‍ ചെയ്യാന്‍ തുടങ്ങിയ ആളാണ്. ഞാന്‍ ഫിലിം സ്‌കൂളില്‍ പോകുന്ന സമയത്ത് എന്റെ കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കളെല്ലാം കല്യാണം കഴിച്ചു, ഒട്ടുമിക്ക ആളുകളും ജോലിക്ക് പോകുന്നവരും ആയിരുന്നു. അപ്പോള്‍ പല എതിര്‍പ്പുകളും ഉണ്ടായിരുന്നു. എനിക്ക് പൂനെയിലെ ഫിലിം സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടിയിരിക്കുകയാണ്, എന്നിട്ടും എന്റെ കുടുംബത്തിലെ ആളുകളൊക്കെ എതിര്‍ത്തു. ഫിലിം സ്‌കൂളിലൊക്കെ പോകുമ്പോള്‍ കുറച്ച് പൈസ ഒക്കെ വേണമല്ലോ, ഈ ബാങ്ക് ലോണ്‍ ഒക്കെ ഇവന്‍ എന്ന് അടച്ച് തീര്‍ക്കും എന്നൊക്കെ ചോദിച്ചവരുണ്ട്. അപ്പോഴൊക്കെ എന്റെ വീട്ടുകാര്‍ കൂടെ നിന്നു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

എന്റെ അമ്മയൊക്കെ എല്ലാ ഇഷ്ടത്തിനും കൂടെ നില്‍ക്കുമായിരുന്നു. എല്ലാവരും എതിര്‍ക്കുന്ന സമയത്തും കൂടെ നില്‍ക്കും. ഏറ്റവും വലിയ ബ്ലസിങ്ങ് എന്താണ് ലൈഫിലെന്ന് ചോദിച്ചുകഴിഞ്ഞാല്‍ ഞാന്‍ പറയും നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം ചെയ്ത് ജീവിക്കാന്‍ കഴിയുന്നത് ആണെന്ന്, അതുകൊണ്ട് ജീവിക്കാന്‍ പറ്റുക എന്നതാണെന്ന്. അത് ലോകത്ത് ഒരു ശതമാനം ആളുകള്‍ക്ക് സംഭവിക്കുന്നുണ്ടാകില്ല. എല്ലാ ആളുകളും ജോലിയായിട്ടാണ് ചെയ്യുന്നത്. ഞാനൊരിക്കലും ജോലിയെടുത്തിട്ടില്ല. സിനിമ ചെയ്യുക നാടകം ചെയ്യുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് ജോലിയല്ല, അത് ചെയ്യാന്‍ വേണ്ടിയാണ് ജീവിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

പ്രേമമെന്ന സിനിമ സംഭവിച്ചത് കൊണ്ടാണ് തനിക്ക് പ്രധാനപ്പെട്ട് ചില സിനിമകള്‍ ലഭിച്ചതെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

‘പ്രേമമെന്ന സിനിമയിലെ ട്രോളുകള്‍ ഞാന്‍ എന്‍ജോയ് ചെയതിട്ടുണ്ട്. അങ്ങനെയൊരു സിനിമ സംഭവിച്ചത് കൊണ്ട് മാത്രമാണ് പ്രധാനപ്പെട്ട സിനിമകള്‍ എനിക്ക് ലഭിച്ചത്. പ്രേമത്തിന് ശേഷം ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ആറ് പടങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ സിനിമകളെന്ന് പറയാവുന്ന സിനിമകള്‍ ചെയ്തു. ചുരുളി ചെയ്തു, മാലിക് ചെയ്തു, തമാശ ചെയ്തു, അതെന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ്. ഉറുമ്പുകള്‍ ഉറങ്ങാറില്ല, കിസ്മത്ത്, കനകം കാമിനി കലഹം, അങ്ങനെ ഒരുപാട് പടങ്ങള്‍ ചെയ്തു. ഇനി എന്റെ എട്ട് സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്. ഇതിനെല്ലാം കാരണമായത് പ്രേമമെന്ന സിനിമയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: Vinay forrt talks about his film journey

We use cookies to give you the best possible experience. Learn more