എന്നെ ട്രോളാന്‍ വേറൊരുത്തന്റേം ആവശ്യമില്ല; വൈറല്‍ ട്രോളുകള്‍ പങ്കുവെച്ച് വിനയ് ഫോര്‍ട്ട്
Movie Day
എന്നെ ട്രോളാന്‍ വേറൊരുത്തന്റേം ആവശ്യമില്ല; വൈറല്‍ ട്രോളുകള്‍ പങ്കുവെച്ച് വിനയ് ഫോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd August 2023, 1:44 pm

രാമചന്ദ്ര ബോസ് & കോയുടെ ട്രെയ്‌ലര്‍ റിലീസിങ് വേദിയില്‍ ഇന്നലെ നടന്‍ വിനയ് ഫോര്‍ട്ട് പ്രത്യക്ഷപ്പെട്ട ലുക്ക് വൈറലായിരുന്നു. വലിയ പ്രൊമോഷനൊന്നും നല്‍കാതിരുന്ന ചിത്രം വിനയ് ഫോര്‍ട്ടിന്റെ ഒരൊറ്റ ലുക്കിലൂടെ വൈറലായി മാറുന്ന കാഴ്ചയായിരുന്നു ഇന്നലെ കണ്ടത്.

വെറും ഒറ്റ ലുക്കിലൂടെ കിങ് ഓഫ് കൊത്തയുടെ വമ്പന്‍ ഹൈപ്പ് വിനയ് ഫോര്‍ട്ട് കടത്തിവെട്ടിയെന്നും, പ്രൊമോഷന്‍ കുറവായിരുന്നിട്ട് കൂടി വിനയ് ഫോര്‍ട്ടിന്റെ ഒറ്റ ലുക്കില്‍ സിനിമയുടെ ഹൈപ്പ് കൂടിയെന്നും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോഴിതാ തന്റെ വൈറല്‍ ലുക്കിന്റെ ചില ട്രോളുകള്‍ പങ്കുവെച്ചിരിക്കുകയാണ് വിനയ് ഫോര്‍ട്ട്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് വൈറല്‍ ലുക്കിന്റെ ട്രോളുകള്‍ വിനയ് ഫോര്‍ട്ട് ഷെയര്‍ ചെയ്തത്.

തിളക്കം സിനിമയില്‍ പാന്റിടാതെ വഴിവക്കില്‍ നില്‍ക്കുന്ന ഹരിശ്രീ അശോകന്റെ മുഖത്തിന് പകരം വിനയ് ഫോര്‍ട്ടിന്റെ മുഖം ഫിറ്റ് ചെയ്തതാണ് ഒരു ട്രോള്‍. ഇതുപോലെ സി.ഐ.ഡി മൂസ സിനിമയിലെ ദിലീപിന് പകരമായും മണിച്ചിത്രത്താഴ് സിനിമയില്‍ മാടമ്പള്ളിയില്‍ താക്കോലെടുക്കാന്‍ വന്ന് നാഗവല്ലിയെ കണ്ട് ഭയന്ന് ഓടിരക്ഷപ്പെടുന്ന ഗണേഷിന്റെ മുഖമായും കല്യാണ രാമനിലെ സലീം കുമാറായും കിരീടത്തിലെ സേതുമാധവനായും ഹരിഹര്‍ നഗറിലെ ജഗദീഷിന്റെ കഥാപാത്രമായ അപ്പുക്കുട്ടനായുമൊക്കെ മീമുകളിലൂടെ വിലസുകയാണ് വിനയ് ഫോര്‍ട്ട്.

ഈ ലുക്ക് വൈറലായതിന് പിന്നാലെ തന്നെ മീം ചെയ്യാനും ട്രോളന്മാര്‍ക്കും ഇനി ചാകരയാണെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റാരെയും ട്രോളാന്‍ വിടാതെ വിനയ് ഫോര്‍ട്ട് തന്നെ തന്റെ ട്രോള്‍ ഇമേജുകള്‍ പങ്കുവെച്ചത്.

തന്നെ ട്രോളാന്‍ മറ്റൊരുത്തന്റേയും ആവശ്യമില്ലെന്ന കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. വിഖ്യാത നടന്‍ ചാര്‍ളി ചാപ്ലിനെയും, മിന്നാരം സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തെയും ഓര്‍മിപ്പിക്കുന്നതാണ് വിനയ് ഫോര്‍ട്ടിന്റെ ഏറ്റവും പുതിയ ലുക്ക് എന്നും സോഷ്യല്‍ മീഡിയ പറയുന്നു.

നടന്‍ അജു വര്‍ഗീസും വിനയ് ഫോര്‍ട്ടിന്റെ പുതിയ ലുക്ക് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ചുവന്ന നിറത്തിലുള്ള ടി ഷര്‍ട്ടും, കൂളിങ് ഗ്ലാസ്സും ഒപ്പം ചാര്‍ലി ചാപ്ലിനെ ഓര്‍മിപ്പിക്കുന്ന മീശയുമാണ് വിനയ് ഫോര്‍ട്ടിന്റെ ഏറ്റവും പുതിയ ലുക്കിന്റെ ഹൈലൈറ്റ്. അതേസമയം മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഈ ലുക്കില്‍ വിനയ് ഫോര്‍ട്ട് പ്രത്യക്ഷപ്പെടുന്നത്. അടുത്തമാസമാണ് സിനിമയുടെ ഷൂട്ടിങ് അവസാനിക്കുക.

ബോസ് & കോ ഒരു കൊളളയുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. പ്രവാസി ഹൈസ്റ്റ് എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്.

യു.എ.ഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ നിര്‍മിക്കുന്നത്.

നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

Content Highlight: Vinay Forrt Share Funny Trolls and memes Viral Look