മലയാള സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന നടനാണ് വിനയ് ഫോര്‍ട്ട്. താന്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്താണ് സിനിമയിലെത്തിയിട്ടുള്ളതെന്ന് പറയുകയാണ് നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനയ്.
‘സ്ട്രഗിളെന്ന് പറഞ്ഞാല്‍ ചെറുതായിട്ടൊന്നുമല്ല. സ്ട്രഗിളിന്റെ പൂക്കുറ്റി. വേറെ ആരെങ്കിലും ഭയങ്കര സ്ട്രഗിള്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാലും ഞാനതൊന്നും സ്ട്രഗിള്‍ ആയി കണക്ക് കൂട്ടിയിട്ടില്ല. പലരും സ്ട്രഗിള്‍ ചെയ്തിട്ടുള്ള കാര്യം എന്നോട് പറയാറുണ്ട്.
അതൊക്കെ കേള്‍ക്കുമ്പോള്‍ അവരിലെല്ലാം കൂടുതലായി സ്ട്രഗിള്‍ ചെയ്തിട്ടുള്ളത് ഞാനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് തോന്നാറുണ്ട്. ഈ പറയുന്ന സ്ട്രഗിള്‍ സിനിമയിലെ ചില സീനുകളില്‍ എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റാറുണ്ട്,’ വിനയ് ഫോര്‍ട്ട് പറയുന്നു.
അവഗണനയും ഒഴിവാക്കലുമൊക്കെ അഭിനയത്തിന്റെ ഭാഗമായിരുന്നുവെന്നും അതൊക്കെയാണ് താനിപ്പോള്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതെന്നും വിനയ് പറഞ്ഞു.
‘ഞാന്‍ ഈ ലോകത്തിലെ ഒരു ചെറിയ സാധാരണക്കാരനായ മനുഷ്യനാണ്. ഞാനിപ്പോള്‍ എന്റെ ജീവിതത്തില്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും എന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ സില്‍വര്‍ സ്പൂണുമായി ജനിച്ചവര്‍ക്കൊക്കെ ഇത്തരം ജീവിതാനുഭവങ്ങളുമായി റിലേറ്റ് ചെയ്യാന്‍ സാധിക്കുമോയെന്നുള്ള കാര്യം എനിക്കറിയില്ല,’ വിനയ് പറഞ്ഞു.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് ആണ് വിനയ് ഫോര്‍ട്ടിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് വിനയ് അവതരിപ്പിച്ചിരിക്കുന്നത്.
വിനയ് ഫോര്‍ട്ടിനെ കൂടാതെ മാലികില്‍ ഫഹദ് ഫാസില്‍, നിമിഷ സജയന്‍, ജലജ, ഇന്ദ്രന്‍സ്, മീനാക്ഷി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ജൂലൈ 15നാണ് മാലിക് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.