ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഇരുന്നൂറ്റിമുപ്പത്തിയഞ്ച് പേജുള്ള എന്തോ പരിപാടി വന്നിട്ടില്ലേ, ഞാനത് വായിച്ചിട്ടില്ല: വിനയ് ഫോര്‍ട്ട്
Cinema
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഇരുന്നൂറ്റിമുപ്പത്തിയഞ്ച് പേജുള്ള എന്തോ പരിപാടി വന്നിട്ടില്ലേ, ഞാനത് വായിച്ചിട്ടില്ല: വിനയ് ഫോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st August 2024, 3:51 pm

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടന്‍ വിനയ് ഫോര്‍ട്ട്. തനിക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചൊന്നും അറിയില്ലെന്നും റിപ്പോര്‍ട്ട് വന്ന കാര്യമേ അറിയുകയുള്ളൂവെന്നുമാണ് വിനയ് ഫോര്‍ട്ട് പറഞ്ഞത്.

‘എന്റെ പൊന്നു ചേട്ടാ (ചിരി). എനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ല. തനിക്ക് ഇതുപോലെ റിപ്പോര്‍ട്ട് വന്ന കാര്യമേ അറിയുള്ളു. അതില്‍ കൂടുതല്‍ ഒന്നും അറിയില്ല,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

മലയാള സിനിമയില്‍ നടക്കുന്ന ചൂഷണത്തെ കുറിച്ചല്ലേ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത് എന്ന ചോദ്യത്തിന് താന്‍ അതിനെ കുറിച്ച് മനസിലാക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ലെന്നും അറിയാത്ത വിഷയത്തെ കുറിച്ച് താന്‍ സംസാരിക്കുകയേയില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘ഏറ്റവും അടിസ്ഥാനപരമായ കാര്യം അറിയാത്ത കാര്യത്തെ കുറിച്ച് സംസാരിക്കാതിരിക്കുക എന്നതാണ്. ഞാന്‍ അതിനെ കുറിച്ച് മനസിലാക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ല. അപ്പോള്‍ നിങ്ങള്‍ ചോദിക്കുമ്പോള്‍ ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലല്ലോ. എനിക്ക് അറിയാത്ത വിഷയത്തെ കുറിച്ച് ഞാന്‍ സംസാരിക്കുകയേയില്ല,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

സ്വന്തം മേഖലയില്‍ നടക്കുന്ന കാര്യമായിട്ടും ഇത്രനാള്‍ ഇതിനെ കുറിച്ച് മനസിലാക്കാന്‍ ശ്രമിച്ചില്ലേ എന്ന ചോദ്യത്തിനും നടന്‍ മറുപടി നല്‍കി. പത്ത് ഇരുന്നൂറ്റിമുപ്പത്തിയഞ്ച് പേജുള്ള എന്തോ പരിപാടി വന്നിട്ടില്ലേ എന്നാണ് വിനയ് ഫോര്‍ട്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പറഞ്ഞത്. അത് വായിച്ചിട്ടില്ലെന്നും ഇത്രസമയം ഉള്ളത് കൊണ്ട് അതിന്റെ ഇടയില്‍ വേറെ ഒരുപാട് പരിപാടിയുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘പത്ത് ഇരുന്നൂറ്റിമുപ്പത്തിയഞ്ച് പേജുള്ള എന്തോ പരിപാടി വന്നിട്ടില്ലേ. ഞാന്‍ അത് വായിച്ചിട്ടില്ല. ഇത്രസമയം ഉള്ളത് കൊണ്ട് അതിന്റെ ഇടയില്‍ വേറെ ഒരുപാട് പരിപാടിയുണ്ട് മോനെ,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: Vinay Forrt’s Response On Hema Commission Report