താൻ കൊച്ചിയിൽ നിന്നുമുള്ള ഒരു സിനിമ പ്രവർത്തകരുടെയും ഗ്രൂപ്പിൽ ഇല്ലെന്ന് നടൻ വിനയ് ഫോർട്ട്. നടൻ സൗബിൻ വളരെ മികച്ച ധാരാളം സിനിമ പ്രവർത്തകരുടെ ഗ്രൂപ്പിൽ ഉണ്ടെന്നും അത്തരം ബന്ധങ്ങൾ വളരെ നല്ലതാണെന്നും താരം പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ ഒരു ഗ്രൂപ്പിലും ഇല്ല. അതിനു കാരണം എന്റെ പരിമിതികളാണ്. സൗബിനെ
സംബന്ധിച്ചെടുത്തോളം അദ്ദേഹം വളരെ സ്ട്രോങ്ങ് ആയിട്ടുള്ള ധാരാളം സിനിമ പ്രവർത്തകരുടെ ഗ്രൂപ്പിൽ ഉണ്ട്. ഗ്രൂപ്പിൽ ഉള്ളത് എപ്പോഴും ഒരു സ്ട്രെങ്ത്താണ്.
ആളുകൾ കൂടുന്ന പരിപാടികളിൽ ഞാൻ പോകാറില്ല. അതൊരു പ്രശ്നമാണ്. ഒരു കൂട്ടായ്‌മയിൽ പോയിരിക്കാൻ എനിക്ക് പറ്റില്ല. ഞാൻ കുറച്ചുകൂടി കംഫർട്ടബിൾ ആയിരിക്കുന്നത് ചിലപ്പോൾ വീട്ടിൽ ആയിരിക്കും. ഇങ്ങനെയുള്ള കാര്യങ്ങളും ഞാൻ ഗ്രൂപ്പുകളിൽ ഇല്ല എന്ന് പറയുന്നതിന് ഒരു കാരണമാണ്.
ഒരു ഗ്രൂപ്പ് എന്ന് പറയാൻ ഞങ്ങൾ കൂട്ടുകാരെല്ലാം കൂടി ‘ആട്ടം’ എന്ന സിനിമ ചെയ്യുന്നുണ്ട്. ജീവിതത്തിൽ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം ആണ് ആ ചിത്രം. മുൻകാലങ്ങളിൽ എന്റെ കൂടെ നാടകം കളിച്ച കുറച്ച് സുഹൃത്തുക്കൾ ഉണ്ട്. അവർ ആണ് എന്റെ ആത്മാർത്ഥ സുഹൃത്തുക്കൾ. ഞങ്ങൾ എല്ലാവരും കൂടി ഞങ്ങളുടെ സൗഹൃദത്തെ അടിസ്ഥാനമാക്കി ചെയ്യാൻ ഉദ്ദേശിച്ച ഒരു ചിത്രമാണ് ആട്ടം. അത് എന്ത് തിരക്കുണ്ടെങ്കിലും മാറ്റി വെച്ചിട്ട് ചെയ്യാൻ ഇരിക്കുന്ന വർക്കാണ്. ഞങ്ങൾ കലാകാരന്മാർക്കിടയിൽ നിന്നുകൊണ്ടുള്ള സസ്പെൻസ് ഡ്രാമയായിരിക്കും ഇത്,’ വിനയ് ഫോർട്ട് പറഞ്ഞു.
അഭിമുഖത്തിൽ തന്റെ രാഷ്ട്രീയത്തെപ്പറ്റിയും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയം വ്യക്തികളുടെ അടിസ്ഥാനത്തിലാണെന്നും താൻ ഒരിക്കലും ഒരു പ്രത്യേക പാർട്ടിക്കാരൻ അല്ലെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ രാഷ്ട്രീയം വ്യക്തികളുടെ അടിസ്ഥാനത്തിൽ ആണ്. ഞാൻ എപ്പോഴും ഒരു പ്രത്യേക പാർട്ടിക്കാരൻ അല്ല. ചിലപ്പോൾ രാഹുൽ ഗാന്ധിയുടെ ചില ഇമേജുകൾ കണക്കുമ്പോൾ ഞാൻ അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഒരു കലാകാരൻ ആയതുകൊണ്ട് എനിക്ക് ഒരിക്കലും ഏകപക്ഷീയമായി നിൽക്കാൻ പറ്റില്ല,’ വിനയ് ഫോർട്ട് പറഞ്ഞു.