താൻ സിനിമ നടൻ ആവാൻ കാരണം മോഹൻ ലാൽ ആണെന്ന് നടൻ വിനയ് ഫോർട്ട്. താൻ ആദ്യമായി മോഹൻലാലിനെ കണ്ടപ്പോൾ കാലിൽ വീണിട്ടുണ്ടെന്നും പിന്നീട് തല ഉയർത്തിനോക്കിയപ്പോൾ മോഹൻലാലിനെ കണ്ടില്ലെന്നും വിനയ് പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘പണ്ട് ഞാൻ ഫിലിം സ്കൂളിൽ പഠിക്കുമ്പോൾ ഒരു ദിവസം വെക്കേഷന് വീട്ടിൽ വന്നു. അപ്പോൾ ഞാൻ എന്റെ സുഹൃത്തുക്കൾ അഭിനയിക്കുന്ന ‘ഛായാമുഖി’ എന്ന നാടകത്തിന്റെ റിഹേഴ്സൽ കാണാൻ പോയി. അവിടെ ലാൽ സാർ (മോഹൻലാൽ) വന്നിട്ടുണ്ടെന്നൊക്കെ പറഞ്ഞു. റിഹേഴ്സൽ കാണാൻ എന്നെ കയറ്റി. സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയുടെ ലുക്കിൽ ആണ് അദ്ദേഹം വന്നത്.
അവിടെ ചെന്നപ്പോൾ അദ്ദേഹം ചെയ്യുന്നതൊക്കെ നോക്കി ഇരിക്കുകയായിരുന്നു. എനിക്ക് ഏറ്റവും അത്ഭുതമായി തോന്നിയത് വേറൊരാളെ തൊട്ടിട്ട് അവരുമായി ഒരു ബന്ധം സ്ഥാപിക്കുന്ന രീതി ആയിരുന്നു. അതൊക്കെ വളരെ അത്ഭുതമായിരുന്നു എനിക്ക്. എല്ലാവരോടും വളരെ സ്നേഹത്തോടെ ആയിരുന്നു അദ്ദേഹം പെരുമാറിയത്.
എന്റെ സുഹൃത്തുക്കൾ അദ്ദേഹത്തെ പരിചയപ്പെടുത്തിതരാം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു എന്നെങ്കിലും എനിക്ക് ഒരു അവസരം കിട്ടുമ്പോൾ ഞാൻ തന്നെ അദ്ദേഹത്തോട് സംസാരിച്ചോളാമെന്ന്. അപ്പോൾ ലാൽ സാർ അതുവഴി വന്നു, ഇവന്മാർ സാറിന് എന്നെ പരിചയപ്പെടുത്തികൊടുത്തു. ഞാൻ അവരുടെ സുഹൃത്താണെന്നും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് പഠിക്കുന്നതെന്നും അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ അദ്ദേഹം ചോദിച്ചു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആണോ മോനെ പഠിക്കുന്നതെന്ന്. ഞാൻ അപ്പോൾ തന്നെ അദ്ദേഹത്തിന്റെ കാലിൽ വീണു. പിന്നെ നോക്കിയപ്പോൾ ആളില്ല. കാരണം അവിടെ അദ്ദേഹത്തെ കാണാൻ വേറെ കുറെ ആളുകൾ വന്നിട്ടുണ്ടായിരുന്നു,’ വിനയ് ഫോർട്ട് പറഞ്ഞു.
താൻ സിനിമയിൽ അഭിനയിക്കാൻ കാരണം മോഹൻലാൽ ആണെന്നും തന്റെ കുട്ടിക്കാലത്ത് മോഹൻലാലിന്റെ സിനിമകൾ കാണാൻ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ സിനിമ നടൻ ആകാനുള്ള കാരണം ചിലപ്പോൾ മോഹൻലാൽ സാർ ആയിരിക്കും. എന്റെ കുട്ടിക്കാല ഓർമകളിൽ തിയേറ്ററുകൾ ഉണ്ട്. രാജാവിന്റെ മകനും, ഇരുപതാം നൂറ്റാണ്ടൊക്കെ കാണാൻ അമ്മ തിയേറ്ററിൽ കൊണ്ടുപോയിട്ടുണ്ട്. അതൊക്കെയാണ് എന്റെ മുൻകാല സിനിമ ഓർമകൾ,’ വിനയ് ഫോർട്ട് പറഞ്ഞു.