| Saturday, 3rd June 2023, 7:24 pm

എനിക്കടിച്ച ലോട്ടറിയാണ് ആ സിനിമ; അതറിഞ്ഞിട്ട് ഫഹദിനും അഭിനയിക്കണമെന്ന് പറഞ്ഞു: വിനയ് ഫോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍ എന്നിവരെ പോലെയുള്ള സംവിധായകര്‍ വിളിക്കുകയാണെങ്കില്‍ താന്‍ കഥ പോലും കേള്‍ക്കില്ലെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. മഹേഷ് നരായണന്‍ തനിക്ക് മാലിക്കിന്റെ കഥ പറഞ്ഞ് തന്നത് ഒമ്പത് മണിക്കൂര്‍ കൊണ്ടാണെന്നും വിനയ് ഫോര്‍ട്ട് റെഡ്. എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ലിജോ ചേട്ടന്‍ ആദ്യം തന്നെ ചുരുളിയുടെ കഥ പറഞ്ഞു തന്നിരുന്നു. അല്ലെങ്കില്‍ മഹേഷേട്ടനാണെങ്കിലും മാലിക്കിന്റെ സ്‌ക്രിപ്റ്റ് പറയാന്‍ വേണ്ടി ഒരു ദിവസം രാവിലെ ഒമ്പതര തൊട്ട് ഒരു മണിവരെ തുടര്‍ച്ചയായി കഥ പറഞ്ഞിട്ടുണ്ട്. കാരണം ഇവരൊക്കെ പ്രഫഷണല്‍ ആയിട്ടുള്ള ആളുകളാണ്.

പിന്നെ ഒരു നടന്‍ ആകുമ്പോള്‍ സിനിമയില്‍ എന്താ ചെയാന്‍ പോകുന്നത് എന്ന് അറിയുന്നത് വലിയ കാര്യമാണ്, പക്ഷെ ഇതു പോലത്തെ സംവിധായകര്‍ കഥയെ കുറിച്ച് പറഞ്ഞു തന്നില്ലെങ്കിലും ഞാന്‍ പോവും. ആ സമയത്ത് കഥ അറിയണം, കഥാപാത്രത്തെ കുറിച്ച് അറിയണം എന്ന് വാശിയൊന്നും പിടിക്കുന്ന ആള്‍ ഒന്നും അല്ല ഞാന്‍. ഇവരുടെ കൂടെ വര്‍ക്ക് ചെയുക എന്നുള്ളത് എന്റെ ഒരു സ്വപ്നമാണ്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

തമാശ എന്ന ചിത്രത്തിലെ അനുഭവങ്ങളും വിനയ് പങ്കുവെച്ചു. ‘തമാശ എന്ന സിനിമ ഞാന്‍ വേണ്ടാന്ന് വെച്ചിരുന്നെങ്കില്‍ ഒരുപാട് പേര്‍ എനിക്ക് പകരം ആ റോള്‍ ചെയാന്‍ ഉണ്ടായേനെ. ഞാന്‍ ഒരു അവിഭാജ്യ ഘടകം ഒന്നുമല്ല.

സമീര്‍ താഹിറും, ഷൈജു ഖാലിദും, ചെമ്പന്‍ വിനോദും, ലിജോ ജോസ് പെല്ലിശ്ശേരിയും പ്രൊഡ്യൂസ് ചെയ്യുന്ന ഒരു സിനിമയില്‍ നായകന്‍ ആവുക എന്നുള്ളത് എനിക്ക് ലോട്ടറിയാണ്.

സമീര്‍ താഹീറിനോടും എന്നോടും വളരെ അടുപ്പം ഉള്ള ആളാണ് ഫഹദ്. ഇങ്ങനെ ഒരു പരിപാടി നടക്കുന്നുണ്ടെന്ന് അറിഞ്ഞു, ഞാന്‍ സമീറിനെ വിളിക്കട്ടെ, ഈ സിനിമയില്‍ രണ്ട് സീനുള്ള റോള്‍ ആണെങ്കിലും ഞാന്‍ അഭിനയിക്കാം എന്ന തരത്തില്‍ എന്നോട് ആ സമയത്ത് ഫഹദ് പറഞ്ഞിട്ടുണ്ട്,’ വിനയ് പറഞ്ഞു.

Content Highlight: vinay forrt about thasmaasha and fahad fassil

We use cookies to give you the best possible experience. Learn more