ബംഗ്ലാവും റോള്‍സ് റോയ്സ് കാറും ഐ ഫോണുമൊന്നുമില്ലെങ്കിലും താന്‍ ജീവിക്കുമെന്നും സിനിമയാണ് തന്റെ പ്രയോരിറ്റി എന്നും നടന്‍ വിനയ് ഫോര്‍ട്ട്. തനിക്ക് പൈസക്ക് വേണ്ടി മാത്രം സിനിമയില്‍ അഭിനയിക്കാന്‍ പറ്റില്ലെന്നും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളും സിനിമകളുമാണ് വേണ്ടതെന്നും താരം പറഞ്ഞു. അതുപോലെതന്നെ ഒരുപാട് നാള്‍ സിനിമയില്‍ നിന്ന് മാറി നിന്നാല്‍ ആളുകള്‍ മറക്കുമെന്നും മൂവി വേള്‍ഡ് മീഡിയക്കു നല്‍കിയ അഭിമുഖത്തില്‍ വിനയ് പറഞ്ഞു.
‘കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ കുറച്ച് സെലക്റ്റീവ് ആകാതെ നിവര്‍ത്തിയില്ല. പൈസക്ക് വേണ്ടി മാത്രം എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ പറ്റില്ല. ബംഗ്ലാവും റോള്‍സ് റോയ്സ് കാറും ഐ ഫോണും വേണ്ട. അതില്ലെങ്കിലും ഞാന്‍ ജീവിക്കും. അതൊക്കെ എന്നെ സംബന്ധിച്ച് ആഡംബരമാണ്. എന്റെ പ്രയോരിറ്റി സിനിമയും നല്ല കഥാപാത്രങ്ങളുമാണ്. അത് കൊണ്ട് തന്നെ പൈസക്ക് വേണ്ടി സിനിമയില്‍ അഭിനയിക്കുക എന്ന് പറയുന്ന കാര്യമില്ല.
എനിക്ക് വിശ്വാസമുള്ള അല്ലെങ്കില്‍ എനിക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ മാത്രമെനിക്ക് ചെയ്താല്‍ മതി. അതുപോലെ തന്നെ ഒരുപാട് നാള്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കാനും പറ്റില്ല. കാരണം ആളുകള്‍ നമ്മളെ മറന്ന് പോകും,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.
തന്റെ സിനിമകളിലെ അതിലെ കുറവുകള്‍ കണ്ടുപിടിക്കാനാണ് അത് കാണാറുള്ളതെന്നും തെറ്റ് മനസിലാക്കി കഴിഞ്ഞാല്‍ പിന്നെ അത് കാണാറില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ സ്വയം ആരാധിക്കുന്ന ഒരു നടനല്ല താന്‍ എന്നും താരം കൂട്ടിചേര്‍ത്തു.
‘ഞാന്‍ എന്റെ സിനിമകള്‍ അധികം കാണാറില്ല. എന്റെ കുറവുകള്‍ കണ്ട് പിടിക്കാനാണ് കാണാറുള്ളത്. ഒരു തവണ കാണാറുണ്ട്. അത് ഭയങ്കര എക്സൈറ്റിങ്ങാണ്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് കൊള്ള എന്ന് പറയുന്ന സിനിമ ഇറങ്ങുന്നത്. അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം തിയേറ്ററില്‍ പോയി ഇരുന്ന് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുക എന്ന് പറയുന്ന ഒരു കാര്യമുണ്ടല്ലോ. അതിപ്പോള്‍ മഹത്തായ ഒരു സിനിമ അല്ലെങ്കില്‍ കൂടി ഒരു സിനിമയില്‍ അഭിനയിക്കുന്നതിന്റെ പ്രയോരിറ്റി കൂടിയാണ്.
ചില സിനിമകളില്‍ എനിക്ക് എന്തെങ്കിലും കുറവ് തോന്നിയാല്‍ രണ്ടാമത് കാണും. ഒരു മേജര്‍ തെറ്റ് എന്റെ ഭാഗത്ത് നിന്ന് സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കാന്‍. പിന്നെ കാണില്ല ഞാന്‍ അത്. അങ്ങനെ എന്നെ തന്നെ ആരാധിക്കുന്ന ഒരു നടനല്ല ഞാന്‍,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.
Content Highlight: vinay forrt about his views on film career