ബാംഗ്ലൂര്‍ ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും, അയര്‍ലന്റ് കോര്‍ക്ക് ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിലും പ്രദര്‍ശിപ്പിച്ച ഫാമിലി എന്ന ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത തന്റെ സിനിമയെപ്പറ്റി പറയുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്. ഒരു പീഡോഫൈല്‍ ക്യാരക്ടറെ അവതരിപ്പിക്കുമ്പോള്‍ വരുന്ന ചാലഞ്ചിനെക്കുറിച്ചും സിനിമ ചിത്രീകരിച്ച രീതിയെ കുറിച്ചുമൊക്കെയാണ് വിനയ് ഫോര്‍ട്ട് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നത്.
‘ഇന്ത്യയിലുള്ള സ്വതന്ത്ര സിനിമ സംവിധായകരില്‍ ഏറ്റവും പ്രഗത്ഭരായിട്ടുള്ള ഒരാളാണ് ഡോണ്‍ പാലത്തറ. ഫാമിലി എന്ന സിനിമയുടെ തിരക്കഥ വായിച്ച് എന്റെ കിളി പോയതാണ്. ഡോണിന്റെ സിനിമകള്‍ക്ക് ഒരുപാട് പ്രത്യേകതകളുണ്ട് ഡോണ്‍ തരുന്ന ഒരു മുഖമുണ്ട്, ഡോണ്‍ കാണുന്ന ഒരു കാഴ്ചയുണ്ട്,, ഡോണിന്റെ ഒരു വിഷ്വല്‍ ലാഗ്വേജുണ്ട്. ഫാമിലി എന്ന സിനിമ ശരിക്കും ഒരു പതിഞ്ഞ താളത്തിലുള്ള തീവ്രമായ ഒരു പീഡോഫീലിന്റെ കഥയാണ്.
പീഡോഫൈലാണ് ഈ കഥാപാത്രം. എന്തുകൊണ്ടായിരിക്കും ഒരു മനുഷ്യന് ഇങ്ങനെയുള്ള സ്വഭാവവൈകല്യം ഉണ്ടാവുകയെന്ന ചിന്ത ചലഞ്ചിങ്ങായിരുന്നു. ഈ തിരക്കഥ ശരിക്കും നല്ല കൊമേഷ്യലായിട്ടാണ് ഡോണ്‍ ചെയ്തിരിക്കുന്നത്. ഡോണിന്റെ പ്രദേശമാണ് ഇടുക്കി. അദ്ദേഹത്തിന് നേരിട്ട് അറിയുന്നതാണ് ഈ കഥാപാത്രം. ഡോണും ഷെറിനും കൂടി എഴുതിയ ഈ തിരക്കഥ യാഥാര്‍ത്ഥ്യത്തില്‍ വേരൂന്നിയതാണ്. ഞാന്‍ ഈ കഥാപാത്രം ചെയ്യാമെന്ന് ഏറ്റപ്പോള്‍ അവന്‍ അത് ചെയ്യാമെന്ന് സമ്മതിച്ചോ എന്ന് ചോദിച്ച ചിലരുണ്ടായിരുന്നു.
തിരക്കഥ വായിച്ചതിനുശേഷം പീഡോഫൈലിന്റെ കാര്യങ്ങളൊക്കെ നന്നായി റിസര്‍ച്ച് ചെയ്തു. ചില അഭിമുഖങ്ങളെല്ലാം കണ്ടിരുന്നു. അവരുടെ ശാരീരിക രീതിയെല്ലാം പഠിച്ച്, റെഡിയായി ഷൂട്ടിന് പോയി. അവിടെ പോയി കഴിഞ്ഞ് ഒരു സീന്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി അതൊന്നും ആവശ്യമില്ലെന്നും എന്റെ ഒരു പ്രിപ്പറേഷന്‍ ഇവിടെ അടിച്ചേല്‍പ്പിക്കേണ്ട കാര്യമില്ലെന്നും. പിന്നീട് ഡോണിന്റെ വിഷന്‍ ഫോളോ ചെയ്യുക എന്നതാണ് ഞാന്‍ ചെയ്തത്.
ഈ സിനിമയിലെ ഒരു സീന്‍ എന്ന് പറയുന്നത് ഞാന്‍ ഒരു പയ്യനെ മാനിപ്പുലേറ്റ് ചെയ്ത് അവനെ കൊച്ചിയില്‍ പോയി കോഴ്സ് എടുത്ത് പഠിക്കാന്‍ ഉപദേശിക്കുന്നതായിരുന്നു.
സീന്‍ എടുത്ത് കഴിഞ്ഞതും ഡോണ്‍ എന്റെ അടുത്ത് വന്ന്, വിനയ് നല്ല ഡ്രാമയായിട്ടുണ്ടെന്നായിരുന്നു പറഞ്ഞത്. ഞാന്‍ കുറച്ചധികം ആക്ട് ഔട്ട് ആയിട്ടായിരുന്നു ചെയ്തത് എന്ന് മനസിലായി.
അതൊന്നും വേണ്ട സാധാരണ രീതിയില്‍ പറഞ്ഞാല്‍ മതിയെന്ന് ഡോണ്‍ പറഞ്ഞു. നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ സംവിധായകര്‍ നല്ല കാഴ്ച്ചപ്പാടുള്ളവരും വ്യക്തതയുള്ളവരുമാകുന്നത് അനുഗ്രഹം തന്നെയാണ്’, വിനയ് ഫോര്‍ട്ട് പറഞ്ഞു.
Content Highlight: Vinay Forrt about his Family Movie and Character