| Wednesday, 23rd August 2023, 1:24 pm

അടി ഇടി പടത്തിന് അപ്പുറത്തേക്കുള്ള ഒരു സാധ്യത ഈ സിനിമയ്ക്കുണ്ട്; അത്തരമൊരു സ്‌പേസില്‍ ഞങ്ങളുടെ സിനിമ സേഫാണ്: വിനയ് ഫോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓണം റിലീസിന് വലിയ സിനിമകളോടാണ് തങ്ങള്‍ മത്സരിക്കുന്നതെന്നും എങ്കില്‍ പോലും തങ്ങളുടെ സിനിമയായ രാമചന്ദ്ര ബോസ് ആന്‍ഡ് കോയുടെ കാര്യത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസം ഉണ്ടെന്നും നടന്‍ വിനയ് ഫോര്‍ട്ട്.

ഓണം പോലൊരു ഫെസ്റ്റിവല്‍ സീസണിന് ഈ സിനിമയ്ക്ക് ഭയങ്കര സ്‌പേസ് ഉണ്ടെന്നാണ് താന്‍ കരുതുന്നതെന്നും കുടുംബത്തോടൊപ്പം വെട്ടും കുത്തും കൊലയുമുള്ള ഡാര്‍ക്ക് ഗ്യാങ്സ്റ്റര്‍ സിനിമ കാണാന്‍ ആളുകള്‍ താത്പര്യപ്പെട്ടേക്കില്ലെന്നും അവിടെയാണ് തങ്ങളുടെ സ്‌പേസ് എന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനയ് ഫോര്‍ട്ട് ഇക്കാര്യം പറഞ്ഞത്.

‘നമ്മള്‍ കോംപീറ്റ് ചെയ്യുന്നതൊക്കെ ഭയങ്കര വലിയ സിനിമകളോടാണ്. പക്ഷേ ഞങ്ങളുടെ ജോണറിന് ഒരു പ്രത്യേകതയുണ്ട്. നമ്മുടേത് ഒരു കോമഡി പടമാണ്. നമ്മള്‍ നമ്മളെത്തന്നെ കളിയാക്കുന്ന തരത്തില്‍ വലിയ തമാശകളുള്ള എന്റര്‍ടൈനറാണ്.

എനിക്ക് തോന്നുന്നത് ഓണത്തിന് കൂടുതല്‍ പ്രിഫര്‍ ചെയ്യുന്നത് ഈ സിനിമയ്ക്കായിരിക്കും എന്നാണ്. അടി ഇടി പടത്തിന് അപ്പുറത്തുള്ള ഒരു സാധ്യത ഈ സിനിമയ്ക്കുണ്ട്. ഈ ഫെസ്റ്റിവല്‍ പരിപാടിയ്‌ക്കൊക്കെ നമ്മള്‍ കുഞ്ഞിപ്പിള്ളേരുമായി കുടുംബത്തോടൊപ്പം പോയി വെടിവെപ്പും കുത്തും കൊലയും കാണുന്നതിനപ്പുറത്തേക്ക് കോമഡി കാണാന്‍ ആവും ഇഷ്ടപ്പെടുക.

ഇപ്പോള്‍ എന്റെ കാര്യം പറയുകയാണെങ്കില്‍, ഞാന്‍ ഒറ്റയ്ക്കാണ് ഒരു സിനിമയക്ക് പോകുന്നതെങ്കില്‍ ഒരുപക്ഷേ ഈ പറയുന്ന പോലെ ഡാര്‍ക്ക് ഗ്യാങ്‌സ്റ്റര്‍ സിനിമ കണ്ടേക്കും. പക്ഷേ ഫാമിലിയായി പോകുമ്പോള്‍ നമുക്ക് കുടുംബത്തോടൊപ്പം ഇരുന്ന് ചിരിക്കാവുന്ന നല്ല കോമഡിയുള്ള നല്ല പാട്ടുള്ള സിനിമകളായിരിക്കും പ്രിഫര്‍ ചെയ്യുന്നത്. അത്തരമൊരു സ്‌പേസില്‍ ഈ സിനിമ സേഫ് ആണെന്നാണ് എന്റെ വിശ്വാസം,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

സിനിമയുടെ മേക്കിങ്ങിന്റെ കാര്യത്തില്‍ സംവിധായകന്‍ ഹനീഫ് അദേനി മൈന്‍ഡ് ബ്ലോയിങ് ആണെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

ഒരു ഹ്യൂമര്‍ സിനിമ ട്രീറ്റ് ചെയ്ത രീതിയിലല്ല സംവിധായകന്‍ ഹനീഫ് ഈ സിനിമ ട്രീറ്റ് ചെയ്തത്. വലിയ ക്യാന്‍വാസിലാണ്. ഇതില്‍ ചെലവാക്കിയതിന്റെ ഡബിള്‍ ഒരു ഗ്രാന്‍ഡിയര്‍ ഹനീഫ് ഷൂട്ട് ചെയ്ത് വെച്ചിട്ടുണ്ട്. ഒരു കമേഴ്ഷ്യല്‍ ഫിലിം മേക്കര്‍ എന്ന തലത്തില്‍ പ്രോമിസിങ് ആയിട്ടുള്ള ഒരാളാണ് അദ്ദേഹം.

ഈ സിനിമയുടെ തിരക്കഥ ഞാന്‍ വായിച്ചതുമുതല്‍ ഹനീഫ് എന്നോട് പറഞ്ഞത് ഇത് ഭയങ്കര ഹ്യൂമറസായുള്ള ഒരു പരിപാടിയാണെന്നാണ്. ഒരു അബ്‌സല്യൂട്ട് കമേഷ്യല്‍ എന്റര്‍ടൈനറാണെന്നാണ് ചിത്രം. ഓണം പോലൊരു ഫെസ്റ്റിവല്‍ സീസണിന് ഈ സിനിമയ്ക്ക് ഭയങ്കര സ്‌പേസ് ഉണ്ട്, വിനയ് ഫോര്‍ട്ട് പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഗ്യാങ്സ്റ്റര്‍ മൂവി കിങ് ഓഫ് കൊത്ത, നിവിന്‍ പോളി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന രാമചന്ദ്ര ബോസ് ആന്‍ഡ് കോ ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ആര്‍.ഡി.എക്‌സ് എന്നീ ചിത്രങ്ങളാണ് ഓണത്തിന് ഒന്നിച്ച് റിലീസിനെത്തുന്ന സിനിമകള്‍.

Content Highlight: Vinay Forrt about clash release of king of kotha and RDX

Latest Stories

We use cookies to give you the best possible experience. Learn more