| Friday, 18th January 2019, 5:17 pm

ചരിത്രത്തിന്റെ ഭാഗമായി വിനേഷ് ഫോഗാട്ട്, ലോറിയസ് വേള്‍ഡ് സ്‌പോര്‍ട്‌സ് പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൊണാക്കോ: മികച്ച കായിക താരത്തിനുള്ള ലോറിയസ് വേള്‍ഡ് സ്‌പോര്‍ട്‌സ് അവാര്‍ഡിന് നോമിനേഷന്‍ ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഗുസ്തി താരം വിനേഷ് ഫൊഗാട്ട്. ഫെബ്രുവരി എട്ടിനാണ് അവാര്‍ഡ് വിതരണം. മികച്ച ടീം, മികച്ച വനിത-പുരുഷതാരം, മികച്ച തിരിച്ചുവരവ്,ബ്രേക്ക് ത്രൂ ഓഫ് ദ ഇയര്‍, എന്നീ ഗണങ്ങളിലാണ് പുരസ്‌കാര വിതരണം. മികച്ച തിരിച്ചുവരവ് നടത്തിയ താരത്തിനുള്ള പുരസ്‌കാര പട്ടികയിലാണ് വിനേഷ് ഫൊഗാട്ട് ഇടം നേടിയത്.

പരുക്കിനെ തുടര്‍ന്ന് നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന വിനേഷ് ഫൊഗാട്ട് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണമെഡല്‍ നേടിയാണ് മടങ്ങിവരവ് ഗംഭീരമാക്കിയത്. ഈ നേട്ടമാണ് 24 കാരിയായ വിനേഷിനെ ലോറിയസ് അവാര്‍ഡിലെ ഈ വര്‍ഷത്തെ മികച്ച തിരിച്ചുവരവിനുള്ള നേമിനേഷനില്‍ ഇടം നേടികൊടുത്തത്.

2016 ഒളിംപിക്‌സില്‍ 56 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ക്വാര്‍ട്ടര്‍ ഫൈനിലിനിടയിലാണ് കാല്‍മുട്ടിന് പരുക്കേറ്റത്. തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി വിശ്രമത്തിലായിരുന്നു. വിനേഷിന് പുറമെ അമേരിക്കന്‍ ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സും ചുരുക്കപ്പട്ടികയിലുണ്ട്. അഞ്ചുവര്‍ഷത്തിന് ശേഷം തിരിച്ചുവന്ന ടൈഗര്‍ കഴിഞ്ഞ യു.എസ്.ടൂര്‍ ചാംപ്യന്‍ഷിപ്പ് ജേതാവായിരുന്നു.

ALSO READ: ‘എന്റെ പേര് മഹേന്ദ്രസിംഗ് ധോണി, ഞാന്‍ 2019 ലെ ലോകകപ്പ് കളിക്കും’; ധോണിയുടെ പ്രകടനത്തെ വാഴ്ത്തി സോഷ്യല്‍മീഡിയ

മഞ്ഞുകാല ഒളിംപിക് അത്‌ലറ്റ് ജേതാക്കളായ ജപ്പാന്റെ സ്‌കേറ്റര്‍ യുസുരു ഹാന്യു, കാനഡയുടെ മാര്‍ക് മക്‌മോറിസ്, അമേരിക്കയുടെ ലിന്‍ഡ്‌സി വോന്‍, നെതര്‍ലന്‍ഡിന്റെ പാരലിംപിക് ചാംപ്യന്‍ ബിബിയന്‍ മെന്റെല്‍ സ്പീ എന്നിവരും പട്ടികയിലുണ്ട്്.

2004ലാണ് ആദ്യമായി ഇന്ത്യ ലോറിയസ് അവാര്‍ഡ് പട്ടികയില്‍ ഇടം നേടുന്നത്. അന്ന് ലോറിയസ് സ്‌പോര്‍ട്‌സ് ഫോര്‍ ഗുഡ് അവാര്‍ഡ് ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും ക്രിക്കറ്റ് ടീം സ്വന്തമാക്കി. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കിടയില്‍ സമാധാനപരമായി നടന്ന മത്സരമാണ് പുരസ്‌കാരം നേടിക്കൊടുത്തത്.

ഇന്ത്യയുടെ കായിക ചരിത്രത്തില്‍ ആദ്യമായാണ് ഒരു കായിക താരം ലോറിയസിന്റെ മുഖ്യ അവാര്‍ഡ് പട്ടികയില്‍ ഇടം നേടുന്നത്.

We use cookies to give you the best possible experience. Learn more