|

ഇപ്പോഴും ലാലേട്ടന്റെ കൂടെ അഭിനയിക്കണം എന്നത് തന്നെയാണ് എന്റെ ആഗ്രഹം: വിമല രാമന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2006ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത പൊയ് എന്ന തമിഴ് ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് വിമല രാമന്‍. ഷാജി കൈലാസും സുരേഷ് ഗോപിയും ഒന്നിച്ച ടൈം എന്ന ചിത്രത്തിലൂടെയാണ് വിമല മലയാള സിനിമയിലേക്ക് എത്തുന്നത്.

പിന്നീട് ജയറാമിനൊപ്പം സൂര്യന്‍, മമ്മൂട്ടിക്കൊപ്പം നസ്രാണി, മോഹന്‍ലാലിനൊപ്പം കോളേജ് കുമാരന്‍, ദിലീപിനൊപ്പം റോമിയോ, കല്‍ക്കട്ട ന്യൂസ് എന്നീ സിനിമകളില്‍ അഭിനയിച്ചു. എങ്കിലും 2007ല്‍ അജ്മല്‍ അമീറിനൊപ്പം അഭിനയിച്ച പ്രണയകാലം എന്ന സിനിമയിലൂടെയാണ് വിമലയെ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നത്.

നീണ്ട ഇടവേളക്ക് ശേഷം 2016ല്‍ മോഹന്‍ലാലിന്റെ ഒപ്പം എന്ന സിനിമയിലും വിമല രാമന്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ചും തുളസിദാസിന്റെ സംവിധാനത്തില്‍ 2008ല്‍ പുറത്തിറങ്ങിയ കോളേജ് കുമാരന്‍ എന്ന സിനിമയെ കുറിച്ചും പറയുകയാണ് വിമല. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘മോഹന്‍ലാലിന്റെ ഭാഗ്യ നായികയാണ് വിമലയെന്ന് പൊതുവെ പറഞ്ഞു കേള്‍ക്കാറുണ്ട്. അപ്പോള്‍ വളരെ അഭിമാനം തോന്നാറുണ്ട്. ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ തന്നെ സാധിച്ചത് വലിയ ഭാഗ്യമായാണ് തോന്നുന്നത്.

കോളേജ് കുമാരന്‍ എന്ന സിനിമയിലാണ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നത്. എനിക്ക് ആ സിനിമ വലിയൊരു പാഠമായിരുന്നു. അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിച്ചു. ആദ്യം ഞാന്‍ പേടിച്ചിരുന്നു. പക്ഷേ ലാലേട്ടന്‍ വളരെ സിമ്പിളാണ്.

അതാണ് അദ്ദേഹത്തിന്റെ ഗുണവും. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഇപ്പോഴും ലാലേട്ടന്റെ കൂടെ അഭിനയിക്കണം എന്നുതന്നെയാണ് ആഗ്രഹം. അതുമായി ബന്ധപ്പെട്ട കഥകള്‍ കേള്‍ക്കുന്നുണ്ട്,’ വിമല രാമന്‍ പറഞ്ഞു.

Content Highlight: Vimala Raman Talks About Mohanlal