മലയാളികള്‍ക്ക് പ്രണയകാലം എന്ന സിനിമയിലൂടെ ഏറെ പ്രിയപ്പെട്ട നടിയാണ് വിമല രാമന്‍. 2007ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ അജ്മല്‍ അമീറിനൊപ്പമായിരുന്നു നടി അഭിനയിച്ചത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളില്‍ അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂട്ടത്തില്‍ ഏറ്റവും ഇഷ്ടം മലയാള സിനിമയാണെന്നും പറയുകയാണ് വിമല രാമന്‍.
മലയാളത്തിനോടാണ് തനിക്ക് എപ്പോഴും പ്രിയമെന്നും മറ്റ് ഭാഷകളിലേക്ക് പോകുമ്പോള്‍ താനൊരു മലയാള നടിയെന്ന് തന്നെ അറിയപ്പെടുന്നതിലാണ് സന്തോഷമെന്നും നടി കൂട്ടിച്ചേര്‍ത്തു. മഹിളാരത്നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ മേഖലകളില്‍ അഭിനയിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട മേഖല മലയാളം തന്നെയാണ്. മലയാളത്തിനോടാണ് എനിക്ക് എപ്പോഴും പ്രിയം. ഇത്ര വര്‍ഷത്തിന് ശേഷം ഇവിടെ വന്നിട്ടുകൂടി എനിക്ക് ഇവിടെയൊരു ഹോംലി ഫീലാണ്.
മറ്റ് ഭാഷകളിലേക്ക് പോകുമ്പോള്‍ ഞാന്‍ ഒരു മലയാള നടിയെന്ന് തന്നെ അറിയപ്പെടുന്നതിലാണ് എന്റെ സന്തോഷം. ഇവിടെ വരുമ്പോള്‍ ഞാന്‍ പ്രണയകാലം സിനിമയുടെ ഓര്‍മകളിലേക്ക് പോകും. ആ ഒരു ശക്തി മലയാള സിനിമാമേഖലയ്ക്കുണ്ട്.
പിന്നെ എല്ലാവരും ഞാന്‍ ഓസ്‌ട്രേലിയയിലാണ് താമസം എന്നാണ് കരുതിയിരിക്കുന്നത്. പക്ഷേ ഞാന്‍ കൊച്ചിയിലും ചെന്നൈയിലും ആയിട്ടാണ് താമസിക്കുന്നത്. ഞാന്‍ ഓസ്‌ട്രേലിയയില്‍ നിന്നും ഇങ്ങോട്ട് വന്നിട്ട് ഇപ്പോള്‍ 18 വര്‍ഷത്തോളമായി. പക്ഷേ അത് ഒരുപാട് ആളുകള്‍ക്ക് അറിയില്ല എന്നതാണ് സത്യം,’ വിമല രാമന്‍ പറഞ്ഞു.
വിമല രാമന്‍:
2006ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത പൊയ് എന്ന തമിഴ് ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് വിമല രാമന്‍. ഷാജി കൈലാസും സുരേഷ് ഗോപിയും ഒന്നിച്ച ടൈം എന്ന ചിത്രത്തിലൂടെയാണ് വിമല മലയാള സിനിമയിലേക്ക് എത്തുന്നത്.
പിന്നീട് ജയറാമിനൊപ്പം സൂര്യന്‍, മമ്മൂട്ടിക്കൊപ്പം നസ്രാണി, മോഹന്‍ലാലിനൊപ്പം കോളേജ് കുമാരന്‍, ദിലീപിനൊപ്പം റോമിയോ, കല്‍ക്കട്ട ന്യൂസ് എന്നീ സിനിമകളില്‍ അഭിനയിച്ചു. നീണ്ട ഇടവേളക്ക് ശേഷം 2016ല്‍ മോഹന്‍ലാലിന്റെ ഒപ്പം എന്ന സിനിമയിലും വിമല രാമന്‍ അഭിനയിച്ചിരുന്നു.
Content Highlight: Vimala Raman Talks About Malayalam Cinema