തിരുവനന്തപുരം: രണ്ടുവര്‍ഷം മുമ്പ് സെക്രട്ടറിയേറ്റിന് മുമ്പിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ അതേയാള്‍ തന്നെയാണ് ദല്‍ഹി കേരളാ ഹൗസില്‍ കത്തിയുമായെത്തിയതെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയായ വിമല്‍രാജാണ് കേരളാ ഹൗസില്‍ കത്തിയുമായെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
അന്നത്തെ സംഭവങ്ങളുടെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം മനോജ് തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം സൂചിപ്പിച്ചത്.
2016 ജൂണ് 24നാണ് ഇയാള്‍ സെക്രട്ടറിയേറ്റിനുമുമ്പില്‍ ആത്മഹത്യാ ശ്രമം നടത്തിയത്. തന്റെ ചികിത്സാ സഹായത്തിനായി മുഖ്യമന്ത്രി ഇടപെടുന്നില്ലെന്നായിരുന്നു അന്നത്തെ ആരോപണം.
ജൂണ് 24ന് രാവിലെ സെക്രട്ടറിയേറ്റിന് മുമ്പിലെ മരത്തിന് മുകളില്‍ കയറി വലിയ കമ്പുകള്‍ താഴെയുള്ള റോഡിലേക്ക് വെട്ടിയിടാനായിരുന്നു ഇയാളുടെ ശ്രമം. തുടര്‍ന്ന് പൊലീസ് എത്തി താഴെ ഇറങ്ങാന്‍ പറഞ്ഞെങ്കില്‍ ഇയാള്‍ കൂട്ടാക്കാഞ്ഞതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇയാളെ താഴെ ഇറക്കിയത്.
രോഗബാധിതനായ തനിക്ക് ചികില്‍സാ സഹായത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് താന്‍ മരത്തില്‍ കയറുന്നതെന്നും താന്‍ മരിച്ചാല്‍ ശവം ആശുപത്രിക്കാര്‍ക്ക് കൊടുക്കണമെന്നും എഴുതിയ കടലാസുകള്‍ ഇയാള്‍ മരത്തില്‍ നിന്നും താഴെ എറിഞ്ഞിരുന്നു.
രണ്ടുവര്‍ഷത്തിനിപ്പുറം മുഖ്യമന്ത്രി ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്നു പറഞ്ഞാണ് ദല്‍ഹി കേരളാ ഹൗസിനു മുമ്പില്‍ ഇദ്ദേഹം ആത്മഹത്യയ്ക്കു ശ്രമിച്ചത്. രാവിലെ ഒമ്പതരയോടെ എത്തിയത് ഇയാളുടെ കയ്യില്‍ ഒരു ബാഗും പോക്കറ്റില്‍ ദേശീയ പതാകയും ഉണ്ടായിരുന്നു. കേരള ഹൗസ് ഗസ്റ്റ് ഹൗസിന് മുന്നില്‍ മാധ്യമപ്രവര്‍ത്തക്കിടയില്‍ നിന്ന ഇയാള്‍ പെട്ടെന്ന് കയ്യിലെ പേപ്പറുകള്‍ക്കിടയില്‍ പൊതിഞ്ഞ കത്തി പുറത്തെടുക്കുകയായിരുന്നു.
തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ പിറകില്‍ നിന്നെത്തി ഇയാളെ കീഴടക്കുകയായിരുന്നു.
ദല്‍ഹിയില്‍ ജോലിയിലിരിക്കെ ഉണ്ടായ അപകടത്തെത്തുടര്‍ന്ന് വിമല്‍ രാജിന് ചെറിയ മാനസിക അസ്വാസ്ഥ്യമുണ്ടെന്നും ഇടയ്ക്കിടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന സ്വഭാവമുണ്ടെന്നും ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു.