തിരുവന്തപുരം: വിളപ്പില്‍ശാല കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. പൊതുജനതാത്പര്യവും പ്രശ്‌നത്തിന്റെ ഗൗരവവും പരിഗണിച്ച് കേസ് അടിയന്തിരമായി പരിഗണിക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
അടുത്തമാസം 19 നാണ് വിളപ്പില്‍ശാല കേസ് പരിഗണിക്കുക. വിളപ്പില്‍ശാലയിലെ പ്ലാന്റിലേക്ക് യന്ത്രസാമഗ്രികള്‍ രഹസ്യമായി കൊണ്ടുവന്നതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.[]
ഇതിനെ തുടര്‍ന്ന് വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റ് ശോഭന കുമാരി നിരാഹാരം കിടക്കുകയും പ്രദേശത്ത് ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്ന് സമരസമിതിയും സംസ്ഥാനസര്‍ക്കാറും തമ്മില്‍ ചര്‍ച്ച നടത്തുകയും പ്ലാന്റ് അടച്ചുപൂട്ടുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം, വിളപ്പില്‍ശാലയിലെ മാലിന്യ പ്ലാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയാല്‍ എതിര്‍ക്കുമെന്ന് തിരുവനന്തപുരം നഗരസഭ അറിയിച്ചിരുന്നു.
കഴിഞ്ഞ പത്ത് മാസമായി നഗരത്തിലെ മാലിന്യം കെട്ടിക്കിടക്കുകയാണെന്നും ബദല്‍ സംവിധാനമില്ലാത്ത സാഹചര്യത്തില്‍ വിളപ്പില്‍ശാലയല്ലാതെ മറ്റൊരു സ്ഥലം ഇതിനായി നഗരസഭയ്ക്കില്ലെന്നുമായിരുന്നു നഗരസഭയുടെ വാദം.