റെക്കോര്‍ഡിടുന്നതില്‍ നായകനായി വില്ലന്‍; മോഹന്‍ലാല്‍ ചിത്രം ഹിന്ദി പറയുന്നത് മൂന്ന് കോടിയ്ക്ക്
Daily News
റെക്കോര്‍ഡിടുന്നതില്‍ നായകനായി വില്ലന്‍; മോഹന്‍ലാല്‍ ചിത്രം ഹിന്ദി പറയുന്നത് മൂന്ന് കോടിയ്ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th October 2017, 10:57 pm

കൊച്ചി: റിലീസിന് മുമ്പ് തന്നെ വില്ലന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറുകയാണ്. ഒക്ടോബര്‍ 27ന് തിയേറ്ററിലെത്തുന്ന മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ചിത്രം സാറ്റലൈറ്റ് അവകാശത്തിന്റെ പേരില്‍ വന്‍ തുകയാണ് ഇതിനോടകം നേടിയിരിക്കുന്നത്. ഏഴു കോടിയ്ക്ക് സൂര്യ ടിവിയാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയത്.

ഇപ്പോഴിതാ ഹിന്ദി ഡബ്ബിങ് അവകാശത്തിലും റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് വില്ലന്‍. മൂന്ന് കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റു പോയിരിക്കുന്നത്.

ഇതുവരെ ഒരു മലയാള ചിത്രത്തിന്റെയും ഹിന്ദി ഡബ്ബിങ് റൈറ്റ്സിന് ഒരു കോടി രൂപ പോലും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് വില്ലന്‍ പുതിയ റെക്കോര്‍ഡ് നേടിയിരിക്കുന്നത്.


Also Read:  ക്ഷമയുടെ നെല്ലിപ്പലകയും തകര്‍ത്ത് മുന്നേറുന്ന സോളോ


ഇതോടെ വില്ലന്റെ പ്രീ-റിലീസ് കച്ചവടം പത്തര കോടി രൂപയായി ഉയര്‍ന്നു. 15 കോടി രൂപയുടെ പ്രീ-റിലീസ് കച്ചവടം നടത്തിയ പുലിമുരുകനുശേഷം മലയാളത്തില്‍ ഏറ്റവും വലിയ പ്രീ-റിലീസ് ലാഭം നേടിയ ചിത്രമായി മാറിയിരിക്കുകയാണ് വില്ലന്‍.

50 ലക്ഷം രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ജംഗലീ മ്യൂസിക് സ്വന്തമാക്കിയത്. ബി ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ ക്രൈം ത്രില്ലറില്‍ മോഹന്‍ലാലിനൊപ്പം വിശാല്‍, മഞ്ജു വാര്യര്‍, ഹന്‍സിക, രാശി ഖന്ന, ശ്രീകാന്ത്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, അജു വര്‍ഗീസ് എന്നിവരും വേഷമിടുന്നുണ്ട്. റോക്ക്‌ലൈന്‍ വെങ്കടേഷ് ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.