നായകനടന്മാര്‍ വില്ലന്മാരെ അവതരിപ്പിക്കുമ്പോള്‍ അത് പ്രത്യേകം ശ്രദ്ധിക്കപ്പെടും. സിനിമയുടെ കച്ചവടസാധ്യതകള്‍ മുന്‍നിര്‍ത്തിക്കൂടി ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യാറുണ്ട്. നിലവില്‍ മലയാളത്തിലെ യൂത്തന്മാരെല്ലാം തന്നെ വില്ലന്‍ വേഷത്തിലെത്തിയിട്ടുണ്ട് എന്നതാണ് വസ്തുത. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ആസിഫ് അലി മുതലായ യുവനായകന്മാരെല്ലാം വില്ലന്‍മാരായും തകര്‍ത്തിട്ടുണ്ട്. അത്തരത്തിലുള്ള വില്ലന്‍ വേഷങ്ങള്‍ പരിശോധിക്കാം
കുമ്പളങ്ങി നൈറ്റ്‌സില്‍ വില്ലനായി വന്ന് തന്റെ പ്രകടനം കൊണ്ട് ഷോ മുഴുവന്‍ അടിച്ചുമാറ്റിയത് ഫഹദിന്റെ ഷമ്മിയായിരുന്നു. സിനിമ ഇറങ്ങിയ സമയത്ത് ഷമ്മി തരംഗം തന്നെ കേരളത്തില്‍ ഉണ്ടായി. ‘ഷമ്മി ഹീറോയാടാ ഹീറോ’ എന്ന ഡയലോഗ് ഇപ്പോഴും പലയിടത്തും മുഴങ്ങിക്കേള്‍ക്കുന്നുണ്ടെങ്കില്‍ അതിനൊരു കാരണം ഫഹദിന്റെ പ്രകടനം തന്നെയായിരുന്നു. മധു സി. നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷേന്‍ നീഗം, ശ്രീനാഥ് ഭാസി, അന്ന ബെന്‍, ഗ്രേസ് ആന്റണി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ശിവകാര്‍ത്തികേയന്‍ നായകനായ വേലൈക്കാരന്‍ എന്ന ചിത്രത്തിന്റെ ഹൈലൈറ്റ് ഫഹദിന്റെ വില്ലന്‍ റോളായിരുന്നു. ഫഹദിന്റെ ആദ്യതമിഴ്‌സിനിമ കൂടിയായ വേലൈക്കാരന്‍ വലിയ വിജയമാണ് നേടിയത്. മോഹന്‍രാജ സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താര, സ്‌നേഹ, പ്രകാശ് രാജ്, സതീഷ്, രോഹിണി തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അല്ലു അര്‍ജുന്റെ പുഷ്പയിലെ വില്ലനായി ഫഹദ് എത്തിയത് വലിയ പ്രതീക്ഷയാണ് ഉയര്‍ത്തിയത്. ആദ്യപകുതിക്ക് ശേഷം ബല്‍വന്‍ ഷെഘാവത്ത് എന്ന വില്ലനായി എത്തിയ ഫഹദ് തകര്‍ത്തഭിനയിച്ചു. പുഷ്പ 2വിലും ഫഹദ്- അല്ലു കോമ്പോയ്ക്കായുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സുകുമര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാന, സുനില്‍, ധനഞ്ജയ്, ജഗ്ദീഷ് ഭണ്ഡാരി മുതലായവര്‍ മറ്റ് വേഷങ്ങളിലെത്തി.
നിവിന്‍ പോളി- ഡാ തടിയാ
ആഷിക് അബു സംവിധാനം ചെയ്ത് 2012 ല്‍ പുറത്തിറങ്ങിയ ഡാ തടിയാ എന്ന ചിത്രത്തിലെ ഒരു പ്രധാന ആകര്‍ഷക ഘടകമായിരുന്നു നിവിന്‍ പോളിയുടെ വില്ലന്‍ വേഷം. തട്ടത്തിന്‍ മറയത്തിന് ശേഷം ചോക്ലേറ്റ് ഹീറോ പരിവേഷത്തില്‍ നിന്ന നിവിന്‍ പോളിയുടെ വില്ലനായുള്ള പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചു. ആന്‍ അഗസ്റ്റിന്‍, ശ്രീനാഥ് ഭാസി, മണിയന്‍പിള്ള രാജു മുതലായവര്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തി.
ഉണ്ണി മുകുന്ദന്‍- മിഖായേല്‍, മാസ്റ്റര്‍ പീസ്, തരംഗം
നിവിന്‍ പോളി നായകനായി 2017ല്‍ പുറത്തിറങ്ങിയ മിഖായേല്‍ എന്ന ചിത്രത്തില്‍ വില്ലനെ അവതരിപ്പിച്ചത് ഉണ്ണി മുകുന്ദനായിരുന്നു. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ശാന്തി കൃഷ്ണ, നവേനി ദേവാനന്ദ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ടൊവിനോ തോമസ് നായകനായ തരംഗത്തില്‍ ഒരു കാമിയോ റോളില്‍ സിനിമയുടെ അവസാനമാണ് ഉണ്ണി മുകുന്ദന്‍ എത്തിയത്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശാന്തി ബാലചന്ദ്രന്‍, നേഹ അയ്യര്‍, ബാലു വര്‍ഗീസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്
മമ്മൂട്ടി നായകനായ മാസ്റ്റര്‍ പീസില്‍ പൊലീസ് ഒഫീസറായെത്തിയ ഉണ്ണി മുകുന്ദന്‍ ക്ലൈമാക്‌സിലെ ട്വിസ്റ്റിലൂടെയാണ് സിനിമയിലെ വില്ലനാകുന്നത്.
അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൂനം ബജ്‌വ, വരലക്ഷ്മി ശരത്കുമാര്‍, മുകേഷ്, ഗോകുല്‍ സുരേഷ്, ലെന എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ടൊവിനോ തോമസ്- സ്‌റ്റൈല്‍, മാരി 2
പരസ്പരം നായകനും വില്ലനുമായ അപൂര്‍വം നടന്മാരില്‍ രണ്ട് പേരാണ് ഉണ്ണി മുകുന്ദനും ടൊവിനോയും. 2016 ല്‍ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്‍ നായകനായ സ്റ്റൈലില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചത് ടൊവിനോ തോമസായിരുന്നു. ബിനു സദാനന്ദന്‍ സംവിധാനം ചെയ്ത സിനിമ വലിയ വിജയമായില്ലെങ്കിലും തന്റെ വില്ലന്‍ വേഷം ഗംഭിരമാക്കാന്‍ ടൊവിനോയ്ക്ക് കഴിഞ്ഞു.
ആ സമയം എ.ബി.സി.ഡി, സെവന്‍ത് ഡേ, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി പോലെയുള്ള ചിത്രങ്ങളിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു ടൊവിനോ. മുഴുനീള നായകനായി ഒരു ചിത്രത്തിലും ടൊവിനോ എത്തിയിട്ടുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ നായകനടനെ വില്ലനാക്കുമ്പോഴുണ്ടാകുന്ന ‘അഡ്ജസ്റ്റ്‌മെന്റുകളൊ’ന്നുമില്ലാതെ, നായകനായ ഉണ്ണി മുകുന്ദന്റെ ഇടി കൊള്ളുന്ന നല്ല അസ്സല്‍ വില്ലനായി തന്നെയായിരുന്നു ടൊവിനോ ചിത്രത്തിലെത്തിയത്.
പ്രിയങ്ക കട്‌വാള്‍, ബാലു വര്‍ഗീസ്, ഇഹാന്‍, ബൈജു, ഷൈന്‍ ടോം ചാക്കോ എന്നിവരായിരുന്നു സ്റ്റൈലില്‍ പ്രധാനവേഷത്തിലെത്തിയത്.
2018 ല്‍ പുറത്തിറങ്ങി ധനുഷ് നായകനായ മാരി രണ്ടാം ഭാഗത്തില്‍ വില്ലനായും ടൊവിനോ തിളങ്ങി. അപ്പോഴേക്കും മലയാളത്തിലെ വിലപിടിപ്പുള്ള താരമായി വളര്‍ന്ന ടൊവിനോയെ മാരിയിലെത്തിച്ചതില്‍ അദ്ദേഹത്തില്‍ താരമൂല്യവും ഒരു കാരണമായിരുന്നു. സായ് പല്ലവി, വരലക്ഷ്മി ശരത്കുമാര്‍, റോബോ ശങ്കര്‍, കാളി വെങ്കട് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ദുല്‍ഖര്‍ സല്‍മാന്‍- കുറുപ്പ്
2021 ല്‍ പുറത്തിറങ്ങിയ കുറുപ്പ് സുകുമാരകുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയുടെ ചിത്രമാണ് പറഞ്ഞതെങ്കിലും ദുല്‍ഖറിന്റെ വില്ലന്‍ വേഷം ഗ്ലോറിഫൈ ചെയ്യുന്ന രീതിയിലായിപ്പോയി എന്ന വിമര്‍ശങ്ങളും ഉയര്‍ന്നിരുന്നു. കഥാപാത്രം എന്നതിലുപരി ദുല്‍ഖര്‍ തന്നെയല്ലേ എന്ന് സംശയിക്കുന്ന വിധത്തില്‍ സ്റ്റൈലിഷ് ആയ വില്ലനായിരുന്നു കുറുപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കൊല്ലപ്പെട്ട ചാക്കോയുടെ റോള്‍ അവതരിപ്പിച്ചത് ടൊവിനോ തോമസ് ആയിരുന്നു. ശോഭിത ധൂലിപാല, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, അനുപമ പരമേശ്വരന്‍ എന്നവര്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ആദ്യചിത്രത്തില്‍ തന്നെ വില്ലനായിട്ടായിരുന്നു ആസിഫ് അലിയുടെ അരങ്ങേറ്റം. ശ്യാമ പ്രസാദ് സംവിധാനം ചെയത് ഋതുവില്‍ വില്ലനായ ആസിഫിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. റിമ കല്ലിങ്കല്‍, നിഷാന്‍, വിനയ് ഫോര്‍ട്ട്, ജയ മേനോന്‍ മുതലായവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
2012 ല്‍ പുറത്തുവന്ന ഓര്‍ഡിനറിയിലെ ആസിഫ് അലിയുടെ കഥാപാത്രം എണ്ണം പറഞ്ഞ വില്ലന്‍ വേഷങ്ങളിലൊന്നാണ്. സിനിമയിലുടനീളം നിഷ്‌കളങ്കനായി നിന്നിട്ട് ഒടുക്കം വില്ലനാകുന്ന ആസിഫ് സിനിമ കണ്ട പ്രേക്ഷകരെ ഞെട്ടിച്ചു. സുഗീത് സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ശ്രിത ശിവദാസ്, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: villain characters of malayalam youth stars