| Sunday, 7th July 2019, 10:51 pm

മധ്യപ്രദേശില്‍ പശുക്കടത്താരോപിച്ച് 25 പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കയറില്‍ കെട്ടി പൊലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഖന്‍ഡ്വ ജില്ലയില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് 25 പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. നൂറോളം ആളുകള്‍ ചേര്‍ന്നാണ് 25 പേരെ ക്രൂരമായി മര്‍ദ്ദിച്ചത്.

ഇവരെ മര്‍ദ്ദിച്ച് ഒരു കയറില്‍ കെട്ടി രണ്ട് കിലോ മീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് നടത്തിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഖല്‍വാസ് പ്രദേശത്തെ സന്‍വലിഖേദ ഗ്രാമത്തിലാണ് സംഭവം.

മഹാരാഷ്ട്രയിലേക്ക് പശുക്കളെ കടത്തിയെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം ഇവരെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

വടിയും ആയുധങ്ങളുമായി ആള്‍ക്കൂട്ടം ഇവരുടെ ചെവിയില്‍ ഗോമാതാ കി ജയ് എന്ന് വിളിക്കുന്നതും വീഡിയോയിലുണ്ടെന്നും പൊലിസ് പറഞ്ഞു. അതേസമയം, സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പൊലീസ് വിലക്കി.

അനുമതിയില്ലാതെ പശുവിനെ കടത്തിയവര്‍ക്കെതിരെയും ഇവരെ മര്‍ദ്ദിക്കുകയും കെട്ടിയിടുകയും ചെയ്തവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഖന്‍ഡ്വ എസ്.പി ശിവ്ദയാല്‍ സിംഗ് പറഞ്ഞു.

പശുക്കളെ കടത്താനുപയോഗിച്ച 21 ട്രക്കുകള്‍ പിടികൂടി പശുക്കളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു.

We use cookies to give you the best possible experience. Learn more