മണിപ്പൂരില്‍ മെയ്തി ഗ്രൂപ്പ് അംഗങ്ങളെ പിടികൂടിയ സൈന്യത്തെ തടഞ്ഞ് ഗ്രാമീണര്‍; അക്രമകാരികളെ പ്രാദേശിക നേതാവിന് കൈമാറിയെന്ന് കരസേന
national news
മണിപ്പൂരില്‍ മെയ്തി ഗ്രൂപ്പ് അംഗങ്ങളെ പിടികൂടിയ സൈന്യത്തെ തടഞ്ഞ് ഗ്രാമീണര്‍; അക്രമകാരികളെ പ്രാദേശിക നേതാവിന് കൈമാറിയെന്ന് കരസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th June 2023, 10:44 am

ഇംഫാല്‍: മണിപ്പൂരില്‍ 12 മെയ്തി ഗ്രൂപ്പ് അംഗങ്ങളെ പിടികൂടിയ സൈനിക സംഘത്തെ വളഞ്ഞ് ഗ്രാമീണര്‍. 1200 ഓളം ഗ്രാമീണറാണ് സൈനികരെ വളഞ്ഞത്.

ഇതോടെ പിടികൂടിയവരെ പ്രാദേശിക നേതാവിന് വിട്ടുകൊടുക്കേണ്ടി വന്നു. ഇത്തം വില്ലേജിലാണ് സംഭവം നടന്നതെന്ന് കരസേന പുറത്ത് വിട്ട പത്രക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളും സൈന്യം പുറത്ത് വിട്ടിട്ടുണ്ട്.

കെ.വൈ.കെ.എല്‍ (കാങ്‌യെ യവോള്‍ കന്ന ലപ്) എന്ന വിഘടനവാദി ഗ്രൂപ്പുമായി ബന്ധപ്പെട്ടവരെയാണ് പിടികൂടിയത്. 12 പേരെയും പിടികൂടി ഇവരുടെ കയ്യിലുള്ള ആയുധങ്ങള്‍ കൂടി പിടിച്ചെടുത്തതിന് ശേഷം സൈന്യം തിരികെ പോകുന്ന വഴിയാണ് 1200 ഓളം വരുന്ന ഗ്രാമീണര്‍ സൈന്യത്തെ തടഞ്ഞത്.

സ്ത്രീകളടക്കമുള്ള ആളുകള്‍ ഉള്ളത് കൊണ്ട് തന്നെ സൈന്യത്തിന് ഇവരെ എതിര്‍ത്ത് മുന്നോട്ട് പോകാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് 12 പേരെയും ഗ്രാമത്തലവന് കൈമാറി തിരികെ പോകേണ്ടി വന്നു.

സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാകാതിരിക്കാനാണ് തീവ്രവാദികളെ മോചിപ്പിച്ചതെന്ന് കരസേനയിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

‘സ്ത്രീകളുടെ നേതൃത്വത്തിലുള്ള വലിയ രോഷാകുലരായ ആള്‍ക്കൂട്ടത്തിനെതിരെ എന്തെങ്കിലും നീക്കം നടത്തിയാല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ 12 കേഡര്‍മാരെയും പ്രാദേശിക നേതാവിന് കൈമാറാന്‍ തീരുമാനിച്ചു,’ സൈന്യം പറഞ്ഞു.

അതേസമയം കരസേന പിടികൂടിയവരില്‍ 2015ല്‍ കരസേനയ്ക്കെതിരെ ആക്രമണം നടത്തിയ കേസിലെ മുഖ്യആസൂത്രകന്‍ മൊയ്റാംഗ് തം താംബയും ഉണ്ടായിരുന്നെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗവും നടന്നിരുന്നു.

CONTENT HIGHLIGHTS: Villagers stop army captured by Meiti group members in Manipur