ജമുയി (ബിഹാര്‍): പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം കഴിഞ്ഞു തൊട്ടടുത്ത ദിവസംതന്നെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി രണ്ടായിരത്തോളം ഗ്രാമീണര്‍. ബിഹാറിലെ ദബില്‍ ഗ്രാമവാസികളാണു തങ്ങള്‍ക്കുള്ള മോശം റോഡുകള്‍ ചൂണ്ടിക്കാട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
“റോഡില്ലെങ്കില്‍ വോട്ടില്ല” എന്ന മുദ്രാവാക്യമുയര്‍ത്തി അവര്‍ ഇന്നലെ പ്രതിഷേധിക്കുകയും ചെയ്തു.
ജമുയി ലോക്സഭാ മണ്ഡലത്തിലാണു ഗ്രാമം. ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി.) അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാനാണ് ഇവിടുത്തെ എം.പി. കഴിഞ്ഞതവണ 85,000-ത്തിലധികം വോട്ടിനാണു ചിരാഗ് ഇവിടെ ജയിച്ചുകയറിയത്. ഏപ്രില്‍ 11-നു നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുന്ന മണ്ഡലമാണിത്.
വിവിധ പാര്‍ട്ടികളുടെ വിവിധ നേതാക്കള്‍ തങ്ങള്‍ക്ക് റോഡുകള്‍ പണിതുതരാം എന്ന വാഗ്ദാനം നല്‍കിയെങ്കിലും അതുണ്ടായില്ലെന്നു ഗ്രാമീണര്‍ പറയുന്നു. “കാലവര്‍ഷത്തില്‍ ഞങ്ങള്‍ക്കു വളരെയധികം ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടിവരുന്നത്. ഗര്‍ഭിണികളാണ് ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പാര്‍ലമെന്റിലേക്കോ, നിയമസഭയിലേക്കോ, എങ്ങോട്ടായാലും നല്ല റോഡില്ലെങ്കില്‍ ഇവിടെനിന്ന് ഒരാള്‍പോലും വോട്ടുചെയ്യില്ല.”- ഗ്രാമീണര്‍ പറയുന്നു.
ബുധനാഴ്ചയാണു പ്രധാനമന്ത്രി പ്രചാരണത്തിനു മണ്ഡലത്തിലെത്തിയത്. താന്‍ തുടങ്ങിയ പ്രവൃത്തികള്‍ അവസാനഘട്ടത്തിലേക്കെത്താന്‍ കുറച്ചുകൂടി സമയം തരണമെന്നായിരുന്നു മോദി ഇവിടെവെച്ചു പറഞ്ഞത്. കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസിനു ചെയ്തുതീര്‍ക്കാന്‍ കഴിയാത്തതു താനെങ്ങനെ ചെയ്തുതീര്‍ക്കുമെന്നായിരുന്നു മോദിയുടെ ചോദ്യം.
മോദിക്കെതിരേ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. തൊഴിലിനെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും വികസനത്തെക്കുറിച്ചും മോദി ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.