| Monday, 24th May 2021, 12:57 pm

വാക്‌സിനേഷനില്‍ നിന്ന് 'രക്ഷപ്പെടാന്‍' നദിയില്‍ ചാടി യു.പിയിലെ ഗ്രാമവാസികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: വാക്‌സിനേഷനില്‍ നിന്ന് ‘രക്ഷപ്പെടാന്‍’ നദിയില്‍ ചാടി ഗ്രാമവാസികള്‍. ഉത്തര്‍പ്രദേശിലെ ബാരബങ്കിയിലാണ് സംഭവം.

ബാരബങ്കിയിലെ ജനങ്ങള്‍ വാക്‌സിനേഷനോട് വിമുഖത കാണിച്ചതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി ഇവരെ ബോധവല്‍ക്കരണം നടത്താന്‍ ശ്രമിച്ചിരുന്നു. ഗ്രാമത്തില്‍ വാക്‌സിനേഷന്‍ നടത്താന്‍ അധികൃതര്‍ എത്തിയതോടെയാണ് ഒരുകൂട്ടമാളുകള്‍ സരയൂ നദിയിലേക്ക് ചാടിയത്.

വാക്‌സിന്‍ എന്ന പേരില്‍ വിഷം കുത്തിവെക്കുകയാണ് ചെയ്യുന്നതെന്നാണ് ഇവരുടെ തെറ്റിദ്ധാരണ. എന്നാല്‍ അധികൃതരുടെ ബോധവല്‍ക്കരണത്തിന്റെ ഫലമായി ഗ്രാമത്തിലെ 14 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

രാജ്യത്ത് വാക്‌സിന്‍ ദൗര്‍ലഭ്യം നേരിടുമ്പോഴാണ് സംഭവം.

അതേസമയം രാജ്യത്ത് പുതുതായി 2,22000 കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 2,67,00000 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 4455 ആളുകളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,03720 ആയി ഉയര്‍ന്നു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3 ലക്ഷം കടന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.

അതേസമയം, കൊവിഡ് രോഗബാധ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്. ദല്‍ഹിയിലെ പ്രതിദിന കൊവിഡ് കേസുകള്‍ 1,600 ആയി കുറഞ്ഞിട്ടുണ്ട്. കേസുകള്‍ ഇതേ രീതിയില്‍ കുറയുകയാണെങ്കില്‍ 31 മുതല്‍ ലോക്ഡൗണ്‍ പിന്‍വലിക്കുമെന്നും അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

ദല്‍ഹിയില്‍ 18-44 വരെയുള്ളവരുടെ വാക്സിനേഷന്‍ നിറുത്തിവെച്ചിരിക്കുകയാണ്. ഈ വിഭാഗത്തിലുള്ളവര്‍ക്കായി നീക്കിവച്ച വാക്സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാലാണ് തീരുമാനമെന്നാണ് കെജ്‌രിവാള്‍ അറിയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Villagers jump into river in UP’s Barabanki to escape Covid vaccination

Latest Stories

We use cookies to give you the best possible experience. Learn more