| Thursday, 26th October 2017, 11:06 pm

താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ യോഗിക്ക് സുരക്ഷയൊരുക്കാന്‍ ഗ്രാമവാസികളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചിത്രം കടപ്പാട്: ന്യൂസ് 18

ആഗ്ര: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സുരക്ഷയൊരുക്കാന്‍വേണ്ടി ഒരു ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളെയും വീടിനുള്ളില്‍ പൂട്ടിയിട്ടു. താജ്മഹലിന് സമീപമുള്ള കാച്പുര ഗ്രാമത്തിലാണ് സംഭവം. യോഗിയുടെ താജ്മഹല്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

ബോള്‍ട്ടുവെച്ചു പുറത്തുനിന്നു പൂട്ടിയ വീടിനുള്ളില്‍നിന്നും പ്രാഥമികകര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ പോലും പൊലീസ് ജനങ്ങളെ അനുവദിച്ചില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read: സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയെ സ്വാഗതം ചെയ്യും ഷട്ടപ്പ് ഇന്ത്യയെയല്ല; യു.പി.എ സര്‍ക്കാരിനു പോരായ്മകളുണ്ടായിരുന്നെന്നും രാഹുല്‍ ഗാന്ധി


“ഞങ്ങള്‍ മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ രാവിലെ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ തികച്ചും വിചിത്രമായ നടപടി സ്വീകരിക്കുകയായിരുന്നു. എല്ലാം വീടുകളും പുറത്ത് നിന്ന് പൂട്ടി.”

കുട്ടികളും പ്രായമായവരുമടക്കം നിരവധിപ്പേരാണ് ഇത്തരത്തില്‍ ഇന്ന് വീടിനുള്ളില്‍ കുടുങ്ങിയത്. എന്നാല്‍ ഇടുങ്ങിയ സ്ഥലമായ ഗ്രാമത്തില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുകയാണെങ്കില്‍ സുരക്ഷ ഒരുക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും ഇതിനാലാണ് വീടുകള്‍ അടച്ചിട്ടതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ ഭാഷ്യം.


Also Read: ‘എല്ലാം ശ്രീരാമന്റെ അത്ഭുതം…താജ്മഹലിനെ തള്ളിപ്പറഞ്ഞവര്‍ അതിന്റെ കവാടം വൃത്തിയാക്കുന്നു’; യോഗിയുടെ സന്ദര്‍ശനത്തെ പരിഹസിച്ച് അഖിലേഷ് യാദവ്  


മുഖ്യമന്ത്രിയെ കാണാന്‍ ഒരു കുടുംബത്തില്‍ നിന്ന് രണ്ടുപേരെ വീതം അനുവദിച്ചിരുന്നെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഗൗരവ് ദയാല്‍ പറഞ്ഞു. അതേസമയം ബി.ജെ.പി വക്താവ് ശലഭ് മണി ത്രിപാഠി സംഭവം നിഷേധിച്ചു. ആരെയും പൂട്ടിയിട്ടില്ലെന്നും തടയുക മാത്രമാണ് ചെയ്തതെന്നാണ് ത്രിപാഠിയുടെ പക്ഷം.

താജ്മഹലിനെക്കുറിച്ചുള്ള വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെയായിരുന്നു യോഗിയുടെ സന്ദര്‍ശനം.

We use cookies to give you the best possible experience. Learn more