ബി.ജെ.പി ഭീഷണിപ്പെടുത്തി: ഗുജറാത്തിലെ സഹകരണബാങ്കില്‍ ഒന്‍പത് കോടിയുടെ പുതിയ കറന്‍സി എത്തി
Daily News
ബി.ജെ.പി ഭീഷണിപ്പെടുത്തി: ഗുജറാത്തിലെ സഹകരണബാങ്കില്‍ ഒന്‍പത് കോടിയുടെ പുതിയ കറന്‍സി എത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th November 2016, 3:09 pm

പണമെത്തിച്ചില്ലെങ്കില്‍ വലിയ പ്രക്ഷോഭം നടത്തുമെന്ന ബി.ജെ.പി. എം.പിയുടെ വിരട്ടിനെ തുടര്‍ന്നാണ് എസ്.ബി.ഐ സഹകരണബാങ്കില്‍ പണമെത്തിച്ചത്.


അഹമ്മദാബാദ്: ബി.ജെ.പിയുടെ ഭീഷണിയെ തുടര്‍ന്ന് വിലക്കുകള്‍ മറികടന്ന്് സഹകരണബാങ്കില്‍ പണമെത്തിച്ച് എസ്.ബി.ഐ. അഹമ്മദാബാദിലെ രാജ്‌കോട്ട് ജില്ലാ സഹകരണബാങ്കിലാണ് എസ്.ബി.ഐ ഒന്‍പത് കോടി രൂപയുടെ പുതിയ കറന്‍സി എത്തിച്ചത്.

പണമെത്തിച്ചില്ലെങ്കില്‍ വലിയ പ്രക്ഷോഭം നടത്തുമെന്ന ബി.ജെ.പി. എം.പിയുടെ വിരട്ടിനെ തുടര്‍ന്നാണ് എസ്.ബി.ഐ സഹകരണബാങ്കില്‍ പണമെത്തിച്ചത്.

നോട്ട് അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെ അസാധുവായ നോട്ടുകള്‍ സ്വീകരിക്കാനും പുതിയവ കൈമാറാനും സഹകരണ ബാങ്കുകള്‍ക്ക് അധികാരം നല്‍കയിരുന്നില്ല.

note1

ഏറ്റവും കൂടുതല്‍ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന ഗുജറാത്തിലെ ജനങ്ങളേയും ഇത് വലിയ തോതില്‍ ബാധിച്ചിരുന്നു. ബാങ്കുകളില്‍ പുതിയ നോട്ട് ഇല്ലാത്തതിനാല്‍ അത് കര്‍ഷകര്‍ക്ക് നല്‍കാനും കഴിഞ്ഞിരുന്നില്ല.


തുടര്‍ന്നാണ് സംഭത്തില്‍ പ്രതിഷേധവുമായി ബാങ്ക് ചെയര്‍മാന്‍ കൂടിയായ പോര്‍ബന്തര്‍ എം.പി. വിത്തല്‍ രദാദിയ രംഗത്തെത്തിയത്. സഹകരണബാങ്ക് തുറന്നില്ലെങ്കില്‍ വലിയ പ്രക്ഷോഭം നടത്തുമെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് സഹകരണ ബാങ്കില്‍ പണമെത്തിക്കുകയും നോട്ടുകള്‍ കൈമാറാന്‍ ബാങ്കിന് അധികാരം നല്‍കുകയും ചെയ്തത്.

9 കോടി രൂപ ബാങ്കിന് അനുവദിച്ചിട്ടുണ്ട്. രാജ്‌കോട്ടിലേയും മോര്‍ബി ജില്ലയിലേയും 15 താലൂക്കുകളിലെ 186 ബ്രാഞ്ചുകളിലേക്കായി അത് വീതിച്ച് നല്‍കും. അക്കൗണ്ടുള്ളവര്‍ക്ക് അതാത് ബ്രാഞ്ചുകളില്‍ വന്ന് പണം പിന്‍വലിക്കാമെന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.പി സോചിത്ര പറഞ്ഞു.


സഹകരണബാങ്കുകളില്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും ആവശ്യപ്പെട്ടിട്ടുമുണ്ട്.

നിക്ഷേപം സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും അതിനായി നിയന്ത്രണങ്ങള്‍ നീട്ടിക്കൊണ്ടുപോകരുതെന്നും നിതിന്‍ പട്ടേല്‍ ആവശ്യപ്പെട്ടു.

arun-jaitley

അതേസമയം കേരളത്തിലെ സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ ഇടപെടുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേരളത്തിലെ എം.പിമാര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് സി.പി.ഐ.എമ്മും കോണ്‍ഗ്രസും സംയുക്ത സമരം നടത്തിക്കൊണ്ടിരിക്കുകയാണ്.

അതേസമയം 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും ബഹളം തുടര്‍ന്നു.  ഇതേതുടര്‍ന്ന്, ലോക്‌സഭയും രാജ്യസഭയും നിര്‍ത്തിവച്ചു.

രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മറുപടി നല്‍കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.

ആദ്യം 11.30 വരെയാണ് രാജ്യസഭ നിര്‍ത്തിവച്ചത്. രണ്ടാമത് ചേര്‍ന്നപ്പോള്‍ വീണ്ടും ബഹളം തുടരുകയായിരുന്നു. ഇതോടെ, വീണ്ടും രാജ്യസഭ നിര്‍ത്തിവച്ചു.