| Friday, 16th August 2024, 10:33 pm

വെസ്റ്റ് ബാങ്കിലെ ഗ്രാമത്തിന് തീ വെച്ച് ഇസ്രഈലി കുടിയേറ്റക്കാർ; നിരവധി ഫലസ്തീനികൾക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: വെസ്റ്റ് ബാങ്കിലെ ജിറ്റ് ഗ്രാമത്തിൽ ആക്രമണം നടത്തി ഇസ്രഈലി കുടിയേറ്റക്കാർ. ആക്രമണത്തിൽ ഒരു ഫലസ്തീനി യുവാവ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മുഖം മൂടി ധരിച്ച് രാത്രി എത്തിയ അക്രമികൾ വീടുകൾക്കും കാറുകൾക്കും തീയിടുകയും ഫലസ്തീനികളെ ആക്രമിക്കുകയും ചെയ്തു.

ഗ്രാമത്തിൽ മുഖം മൂടി ധരിച്ചെത്തിയ സംഘം കെട്ടിടത്തിന് മുകളിലേക്ക് പെട്രോൾ ബോംബുകളും കല്ലുകളും എറിയുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആക്രമണത്തിൽ വെടിയേറ്റ് ഫലസ്തീൻ യുവാവും കൊല്ലപ്പെട്ടിരുന്നു. റാഷിദ് സെദ്ദ (22) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നൂറോളം കുടിയേറ്റക്കാർ ആയുധങ്ങളുമായി വന്ന് തങ്ങൾക്ക് നേരെ വെടിയുതിർത്തെന്ന് ജിറ്റ് നിവാസിയായ ഇബ്രാഹിം സദ പറഞ്ഞു.

“അവർ മുഖം മൂടി ധരിച്ചായിരുന്നു വന്നത്, പിന്നാലെ ആക്രമണം തുടങ്ങി. കൊല്ലപ്പെട്ട റാഷിദ് സെദ്ദ എന്റെ ബന്ധുവാണ്. അവൻ സമാധാനത്തോടെ വിശ്രമിക്കട്ടെ,’ സദാ പറഞ്ഞു.

ആക്രമണം നടക്കുമ്പോൾ തങ്ങൾ വീടുകളിലായിരുന്നെന്നും അവർ തന്റെ കാർ കത്തിച്ചെന്നും മറ്റൊരു താമസക്കാരനായ റബാഹ് എസ്ബു ഹസൻ പറഞ്ഞു.

‘ആക്രമണം നടക്കുമ്പോൾ ഞങ്ങൾ ഞങ്ങളുടെ വീടുകളിലായിരുന്നു, 90ലധികം ആളുകൾ ഉണ്ടായിരുന്നു അവർ. ഞാനും എൻ്റെ കുട്ടികളും ഇവിടെ കാറിനടുത്തായിരുന്നു. അവർ കാർ കത്തിക്കുന്നത് ഞാൻ കണ്ടു, തുടർന്ന് ഞങ്ങൾ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ഒക്‌ടോബർ 7 മുതൽ വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്കെതിരായ ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണവും സൈനിക അക്രമങ്ങളും ഗണ്യമായി വർധിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ഫലസ്തീനികൾക്കെതിരെ 1,000 ത്തിലധികം ഇസ്രഈലി കുടിയേറ്റ ആക്രമണങ്ങൾ യു.എൻ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പുതിയ ആക്രമണം ആണ് ഇത്.

വെസ്റ്റ് ബാങ്കിൽ നിലവിൽ 250ലധികം ഇസ്രഈലി സെറ്റിൽമെൻ്റുകളുണ്ട്. അതിൽ ചിലതിന് ചെറിയ നഗരങ്ങളുടെ വലിപ്പമുണ്ട്. ഇസ്രഈൽ സൈന്യത്തിൻ്റെ പിന്തുണയോടെയാണ് ഔട്ട്‌പോസ്റ്റുകളും സെറ്റിൽമെൻ്റുകളും സ്ഥാപിക്കുന്നത്. നിലവിൽ ഫലസ്തീനികളുടെ ഭൂമിയിൽ ഏകദേശം 7 ,00,000 ജൂതർക്ക് താമസിക്കാൻ സാധിക്കുന്ന സെറ്റിൽമെന്റുകൾ നിർമിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിലെ യുനെസ്കോ പൈതൃക സൈറ്റിന് സമീപം നിയമവിരുദ്ധ കുടിയേറ്റത്തിന് അനുമതി നൽകിയതായി ഇസ്രഈൽ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

Content Highlight: Village set ablaze in West Bank – as Israeli settlers torch homes with families inside

We use cookies to give you the best possible experience. Learn more