ജെയ്താപൂര്‍ ആണവ നിലയത്തിനെതിരെ ഗ്രാമീണരുടെ സമരം
Daily News
ജെയ്താപൂര്‍ ആണവ നിലയത്തിനെതിരെ ഗ്രാമീണരുടെ സമരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th May 2015, 10:01 am

Jaitapur--nuclear-power-proമുംബൈ: ജെയ്താപൂര്‍ ആണവ പദ്ധതിക്കെതിരെ പദ്ധതി പ്രദേശത്തിന് സമീപത്തുള്ള രണ്ട് ഗ്രാമങ്ങളില്‍ പ്രതിഷേധം. രണ്ടു പഞ്ചായത്തുകളും പദ്ധതിക്കെതിരെ പ്രമേയം പാസാക്കി. മധ്ബാന്‍, മീഠ്ഗാവ് എന്നീ ഗ്രാമങ്ങളാണ് പ്രമേയം പാസാക്കിയത്. പദ്ധതിക്കെതിരെ ഗ്രീമവാസികള്‍ സമരം ശക്തമായിരിക്കുകയാണ്. നഷ്ടപരിഹാര പാക്കേജുകള്‍ അംഗീകരിച്ച് തങ്ങള്‍ പദ്ധതിക്ക് സമ്മതം നല്‍കിയിട്ടില്ലെന്ന് പ്രമേയത്തില്‍ പറയുന്നു.

പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ഗ്രാമവാസികള്‍ക്കിടയില്‍ എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും അധികാരികള്‍ പോലീസിനെ ഉപയോഗിച്ച് ഭൂമി പിടിച്ചെടുക്കുകയായിരുന്നു. കിട്ടിയ നഷ്ടപരിഹാരം സ്വീകരിക്കാന്‍ ഗ്രാമവാസികള്‍ നിര്‍ബന്ധിതരാകുകയായിരുന്നു. എന്നാല്‍ തങ്ങള്‍ പദ്ധതിക്ക് സമ്മതം നല്‍കിയിട്ടില്ലെന്നും ഇപ്പോഴും പദ്ധതിക്കെതിരാണെന്നും പ്രമേയത്തില്‍ പറയുന്നു.

കൃത്യമായ പുനരധിവാസ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെയാണ് ഗ്രാമവാസികളില്‍ നിന്ന് ഭൂമി പിടിച്ചാല്‍ തങ്ങള്‍ എന്തു ചെയ്യുമെന്നും പ്രമേയത്തില്‍ ചോദിക്കുന്നു. മുന്‍ കേന്ദ്രസര്‍ക്കാര്‍ ഇവര്‍ക്ക് 22.50 ലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. പദ്ധതിയുടെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്ന 1744 കുടുംബങ്ങള്‍ക്കായി 187.71 കോടിരൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഇത്രയും രൂപ കൈപറ്റിയ സ്ഥിതിക്ക് പദ്ധതിയുമായി മുന്നോട്ട് പോകുമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

അതേസമയം പദ്ധതിക്കെതിരെ സമരം തുടരാനാണ് ഗ്രാമവാസികളുടെ തീരുമാനം. ഭൂമി ഞങ്ങള്‍ സ്വമേധയാ കൊടുത്തതല്ല ഞങ്ങളില്‍ നിന്നും  പിടിച്ചെടുത്തതാണ്. അതുകൊണ്ട് ഞങ്ങള്‍ കീഴടങ്ങില്ല. മധ്ബാന്‍ ഗ്രാമ മുഖ്യന്‍ നന്ദകുമാര്‍ റാവുത് പറഞ്ഞു. പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന 1851 കുടുംബങ്ങളാണ് മധ്ബാനിലുള്ളത്. ഇതി കഴിഞ്ഞ് ഏറ്റവും കൂടുതല്‍ പ്രത്യാഘാതമനുഭവിക്കുന്നത് മീഠ്ഗാവിലെ കുടുംബങ്ങളാണ്.