| Thursday, 22nd June 2017, 10:00 am

വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കര്‍ഷകന്റെ ആത്മഹത്യയില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്റ്് ചെയ്തു. നേരത്തെ കുറ്റക്കാരായ ഉദ്യോഗസ്ഥകരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞിരുന്നു. മരിച്ച ജോയിയുടെ നികുതി ഇന്നു തന്നെ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ യു.വി ജോസ് വ്യക്തമാക്കിയിരുന്നു. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെതിരെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം ഗൗരവകരമായ വിഷയമാണെന്ന് നേരത്തെ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

കളക്ടര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചിരുന്നു. അതേസമയം, പ്രശനത്തിന് പരിഹാരം കാണാതെ പിന്മാറില്ലെന്ന് പറഞ്ഞ് സമീപവാസികളും നാട്ടുകാരും വില്ലേജ് ഓഫീസ് പരിസരത്ത് പ്രതിഷേധിക്കുകയാണ്.


Also Read:  മിക്ക ഭീകരാക്രമണങ്ങളിലും മുസ്‌ലിങ്ങള്‍ക്ക് പങ്കുണ്ട്; ഹിന്ദുവിന് തീവ്രാദിയാകാന്‍ കഴിയില്ലെന്നും ബി.ജെ.പി മന്ത്രി അനില്‍ വിജ്


താഴത്തങ്ങാടി കാവില്‍ പുരയിടം വീട്ടില്‍ ജോയ് ആണ് തൂങ്ങി മരിച്ചത്. നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. കോഴിക്കോട് ചെമ്പനോട് വില്ലേജ് ഓഫീസിലായിരുന്നു കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. നേരത്തെ വില്ലജ് ഓഫീസിനു മുന്നില്‍ രണ്ട് തവണ നിരാഹാര സമരം നടത്തിയ ആളാണ് മരിച്ച ജോയ്.

ഇന്നലെ രാത്രി 9:30-ഓടെയാണ് ജോയിയെ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷത്തോളമായി നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍ പ്രഥമദൃഷൃഷ്ട്യാ പ്രകോപനമില്ലാതെ പെട്ടെന്നുള്ള ആത്മഹത്യയായതിനാല്‍ ജോയിയുടെ ബന്ധുക്കളെല്ലാം തന്നെ ഇതിന്റെ ആഘാതത്തിലാണ്.

We use cookies to give you the best possible experience. Learn more