മാണിയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന കോഴ ആരോപണം അതീവ ഗുരുതരമാണെന്നും അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വി.എസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. ബാര്‍ അസോസിയേഷന്‍ പ്രതിനിധി മാണിയ്‌ക്കെതിരെ ഉയര്‍ത്തി ആരോപണം സംബന്ധിച്ച് പ്രാഥമിക അന്വേഷണമാണ് വിജിലന്‍സ് നടത്തുക.
ബാര്‍ തുറയ്ക്കുന്നതിനായി കോഴവാങ്ങിയവരില്‍ കൂടുതല്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബാര്‍ തുറയ്ക്കാന്‍ ഒരു കോടി രൂപ വാങ്ങിയെന്ന് ഒരു മന്ത്രി തന്നോട് പറഞ്ഞതായി കഴിഞ്ഞദിവസം ചീഫ് വിപ്പ് പി.സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിനെക്കുറിച്ചും വി.എസ് കത്തില്‍ സൂചിപ്പിച്ചിരുന്നു. ഇക്കാര്യവും വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ വരും.
നേരത്തെ മാണിയ്‌ക്കെതിരെ ആരോപണം ഉയര്‍ന്ന സമയത്ത് അന്വേഷണം നടത്തേണ്ട ആവശ്യമൊന്നുമില്ല എന്ന നിലപാടാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചത്. തനിക്ക് ഈ വിഷയത്തിന്റെ സത്യാവസ്ഥ നേരിട്ട് ബോധ്യമുള്ളതാണെന്നും മാണിയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അതിനാല്‍ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നുമുള്ള നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ സ്വീകരിച്ചത്.
പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും അന്വേഷണത്തിന് വലിയ സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ന്നിരുന്നില്ല. അന്വേഷണം നടത്തണമെന്നും അത് ഏതുതരത്തിലുള്ളതാവണമെന്ന് പിന്നീട് പറയാമെന്നുമുള്ള നിലപാടാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വീകരിച്ചത്. ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ് ആദ്യമേ രംഗത്തെത്തിയിരുന്നു. പിന്നീട് വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസ് കത്തുനല്‍കുകയായിരുന്നു.
നിയമപരമായ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി വി.എസ് നല്‍കുന്ന കത്തിന്റെ അവഗണിക്കാന്‍ സര്‍ക്കാര്‍ സാധിക്കില്ല. അതിനാല്‍ മാണിയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്നു വേണം കരുതാന്‍. ഈ കത്തിന്‍ മേല്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടന്നില്ലെങ്കില്‍ സര്‍ക്കാര്‍ നേരിടുക ഇതിലും വലിയ പ്രതിസന്ധിയാവും എന്ന് തിരിച്ചറിഞ്ഞാണ് യു.ഡി.എഫ് അന്വേഷണത്തിന് തയ്യാറായതെന്നും റിപ്പോര്‍ട്ടുണ്ട്.
ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അന്വേഷണം എന്ന രീതിയിലാണ് ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശ് പ്രതികരിച്ചത്. ആരോപണ വിധേയനായത് മന്ത്രിയാണ്. മന്ത്രിയ്ക്ക് മുന്നില്‍ ഇരിക്കാന്‍ പോലും അധികാരമില്ലാത്ത വിജിലന്‍സ് ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിന്റെ ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ അന്വേഷണം എവിടെയുമെത്തില്ല. തെളിവ് നശിപ്പിക്കാന്‍ മാത്രമേ ഇത് സഹായിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
വിപുലമായ അന്വേഷണം പ്രഖ്യാപിച്ചാല്‍ സര്‍ക്കാരിലുള്ള കൂടുതല്‍ പേര്‍ കുടുങ്ങുമെന്നും അതിനാലാവാം സര്‍ക്കാര്‍ അതില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നും ബിജു രമേശ് അഭിപ്രായപ്പെട്ടു.