| Thursday, 22nd June 2023, 7:04 pm

പൃഥ്വിരാജിന്റെ മാസ് ആക്ഷൻ എന്റർടെയ്നർ വിലായത്ത് ബുദ്ധ ലൊക്കേഷൻ വീഡിയോ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന വിലായത്ത് ബുദ്ധയുടെ ലൊക്കേഷൻ വീഡിയോ പുറത്തുവിട്ടു. ആനപ്പുറത്ത് ക്യാമറ വെച്ച് ഷൂട്ട് ചെയ്യുന്ന മൊബൈൽ വീഡിയോയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. രാത്രിയിലാണ് ഷൂട്ട് നടക്കുന്നത്. പ്രശസ്ത
ഛായാഗ്രാഹകൻ അരവിന്ദ് കശ്യപ് ആണ് ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

ലൊക്കേഷനിൽ നിന്നുമുള്ള തന്റെ കഥാപാത്രത്തിന്റെ ചിത്രം പൃഥ്വിരാജ് സോഷ്യൽമീഡിയ പേജുകളിലൂടെ നേരത്തെ പുറത്തുവിട്ടിരുന്നു. ‘ഡബിൾ മോഹൻ ഇൻ വിലായത്ത് ബുദ്ധ’ എന്ന കാപ്‌ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. എമ്പുരാന് മുൻപ് റിലീസ് ചെയ്യാനിരിക്കുന്ന മാസ് ആക്ഷൻ എന്റർടെയ്നറാണ് വിലായത്ത് ബുദ്ധ.

ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷമ്മി തിലകൻ, അനു മോഹൻ, പ്രിയംവദ കൃഷ്ണൻ, ടി.ജെ. അരുണാചലം എന്നിവരും ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കും.

ജയൻ നമ്പ്യാർ സംവിധാന നിർവഹണം നടത്തുന്ന ചിത്രം ഉർവശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമിക്കുന്നത്. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ് മറയൂർ പൂർത്തിയാകുകയാണ്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Content Highlights: Vilayath Buddha movie location video

We use cookies to give you the best possible experience. Learn more