| Thursday, 28th November 2019, 8:21 am

ഉദ്ധവ് താക്കറെയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാന്‍ എട്ട് കോണ്‍ഗ്രസ് നേതാക്കള്‍; പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത് എട്ട് കോണ്‍ഗ്രസ് നേതാക്കളെന്ന് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖിന്റെ മകന്‍ അമിത് ദേശ്മുഖ് അടക്കമുള്ള നേതാക്കളാണ് ഇന്ന് മന്ത്രിസ്ഥാനം ഏറ്റെടുക്കുകയെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ബാലാസാഹേബ് തൊറാട്ട്, അമിത് ദേശ്മുഖ്, മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് നിതിന്‍ റൗട്ട്, കിസാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ, വിശ്വജിത് കദം, അസ്‌ലം ഷെയ്ഖ്, വര്‍ഷ ഗെയ്ക്ക്‌വാദ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്.

കോണ്‍ഗ്രസിനാണ് 288 അംഗ നിയമസഭയില്‍ സ്പീക്കര്‍ സ്ഥാനവും ലഭിക്കുക. മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെയാണ് കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്പീക്കര്‍ സ്ഥാനം ലഭിച്ചതോടെ ഇനി കോണ്‍ഗ്രസിന് 12 മന്ത്രിപദവിയായിരിക്കും ലഭിക്കുക. നേരത്തേ ഉപമുഖ്യമന്ത്രി പദവിയടക്കം 13 ആണെന്നായിരുന്നു പറഞ്ഞിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉപമുഖ്യമന്ത്രി പദവി ലഭിച്ചത് എന്‍.സി.പിക്കാണ്. ഡെപ്യൂട്ടി സ്പീക്കറെയും അവര്‍ക്കു ലഭിക്കും.

മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് വൈകിട്ട് അഞ്ചുമണിക്കു മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. താക്കറെ കുടുംബത്തില്‍ നിന്ന് ആദ്യമായാണ് ഒരു വ്യക്തി മുഖ്യമന്ത്രിയാകുന്നത്.

ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി, ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കില്ല.

We use cookies to give you the best possible experience. Learn more