തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ സംയുക്ത സമരസമിതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ചര്‍ച്ച നടത്തും. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് വൈകിട്ടായിരിക്കും ചര്‍ച്ചയെന്നും സമര പന്തല്‍ സന്ദര്‍ശിച്ച ശേഷം എന്‍. ശക്തന്‍ പറഞ്ഞു.[]
അതേസമയം വിളപ്പില്‍ശാല മാലിന്യപ്രശ്‌നത്തില്‍ സമരസമിതി നടത്തിവരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. നിരാഹാരസമരം നാലാം ദിവസത്തേക്ക് കടന്നതോടെ പ്രസിഡന്റ് ശോഭനാ കുമാരിയുടെ നില വഷളായിട്ടുണ്ട്. ഇവരെ ഇന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റുമെന്നും സൂചനയുണ്ട്. ഇന്ന് ഉച്ചയോടെ ഡോക്ടര്‍മാരുടെ സംഘമെത്തി പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്.
അനിശ്ചിതകാല ഹര്‍ത്താല്‍ രണ്ടാം ദിവസത്തേക്ക് കടന്നിരിക്കെ ഇവിടെ സ്‌കൂളുകളോ സര്‍ക്കാര്‍ സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കുന്നില്ല. വാഹനങ്ങളും ഇവിടേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
വിളപ്പില്‍ ശാലയിലേക്ക് മാലിന്യം കൊണ്ടുവരില്ലെന്നും മാലിന്യ പഌന്റ് അടച്ച് പൂട്ടുമെന്നും ഇന്നലെ സുഗതകുമാരിയെ മധ്യസ്ഥയാക്കി നിര്‍ത്തി സര്‍ക്കാര്‍ വിളപ്പില്‍ശാലക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പ് നല്‍കിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കു എന്ന നിലപാടിലാണ് സമരക്കാര്‍.
സര്‍ക്കാരിന്റെ വാക്കാലുള്ള ഉറപ്പ് അംഗീകരിക്കണമെന്നും ഹൈക്കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിന് മുകളിലായി ഒരു ഓര്‍ഡര്‍ ഇറക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഇന്നലെ സമരക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ കേസ് പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ സമരം തുടരാനാണ് സമരക്കാരുടെ തീരുമാനം.