വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് അടച്ചുപൂട്ടുന്നതിനെതിരെ നഗരസഭ
Kerala
വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് അടച്ചുപൂട്ടുന്നതിനെതിരെ നഗരസഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th October 2012, 10:47 am

തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് അടച്ചുപൂട്ടുന്നതിനെതിരെ തിരുവനന്തപുരം നഗരസഭ. വിളപ്പില്‍ശാലയിലെ മാലിന്യ പ്ലാന്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയാല്‍ എതിര്‍ക്കുമെന്ന് തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രികയാണ് അറിയിച്ചിരിക്കുന്നത്.

പ്ലാന്റ് അടച്ചുപൂട്ടാന്‍ സത്യവാങ്മൂലം നല്‍കിയാല്‍ നഗരസഭ അതിനെ എതിര്‍ക്കുമെന്നാണ് മേയര്‍ വ്യക്തമാക്കിയിരിക്കുന്നത്.[]

മാലിന്യ സംസ്‌കരണം നഗരസഭയുടെ ഉത്തരവാദിത്വമാണ്. കഴിഞ്ഞ പത്ത് മാസമായി നഗരത്തിലെ മാലിന്യം കെട്ടിക്കിടക്കുകയാണ്. ബദല്‍ സംവിധാനമില്ലാത്ത സാഹചര്യത്തില്‍ വിളപ്പില്‍ശാലയല്ലാതെ മറ്റൊരു സ്ഥലം ഇതിനായി നഗരസഭയ്ക്കില്ല. ഈ സ്ഥിതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയാല്‍ അതിനെ എതിര്‍ക്കുകയല്ലാതെ നഗരസഭയ്ക്ക് മറ്റ് മാര്‍ഗമില്ലെന്നും മേയര്‍ പറയുന്നു.

അതേസമയം, നഗരത്തിലെ മാലിന്യം വിളപ്പില്‍ശാലയില്‍ തന്നെ നിക്ഷേപിക്കണമെന്ന് നഗരസഭ കഴിഞ്ഞ കുറേ കാലമായി പറയുന്നതാണെന്നും മാലിന്യ സംസ്കരണം സര്‍ക്കാറിന്റെ ഉത്തരവാദിത്വമില്ല മറിച്ച് നഗരസഭയുടെ ഉത്തരവാദിത്വമാണെന്നും ഇതിനുള്ള സഹായം ചെയ്ത് കൊടുക്കാന്‍ മാത്രമേ സര്‍ക്കാറിന് സാധിക്കുകയുള്ളൂ എന്നുമാണ് മന്ത്രി മഞ്ഞളാംകുഴി അലി വ്യക്തമാക്കി.

കോടതിക്ക് ജനങ്ങളുടെ പ്രശ്‌നം മനസ്സിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിളപ്പില്‍ശാല മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് സമരസമിതിയും സംസ്ഥാനസര്‍ക്കാറും തമ്മില്‍ ധാരണയിലെത്തിയതായി സമരസമിതി അറിയിച്ചിരുന്നു.

വിളപ്പില്‍ശാലയിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് അടച്ചുപൂട്ടുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും അതിനാല്‍ പ്രദേശത്ത് തുടരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചിരുന്നു.

ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി മഞ്ഞളാംകുഴി അലിയുമായും സമരസമിതി നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം.

പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുംമെന്നും ഇന്നലെ ധാരണയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ മേയര്‍ ചന്ദ്രിക രംഗത്തെത്തിയിരിക്കുന്നത്.