| Saturday, 13th October 2012, 1:10 pm

വിളപ്പില്‍ശാല കടുത്ത പ്രതിഷേധത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിളപ്പില്‍ശാല പ്രതിഷേധം കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ  ലീച്ച് അറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വിളപ്പില്‍ശാലയില്‍ രഹസ്യമായി എത്തിച്ചതോടെയാണ് സമരം വീണ്ടും രൂക്ഷമായത്. സംഭവത്തില്‍ പ്രതിഷേധിച്ച് വിളപ്പില്‍ ശാലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. അതീവ രഹസ്യമായായിരുന്നു പ്ലാന്റ് വിളപ്പില്‍ ശാലയില്‍ എത്തിച്ചത്.[]

വിളപ്പില്‍ശാലയില്‍ മലിനജല പ്ലാന്റ് സ്ഥാപിക്കാന്‍ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് ഇതനുസരിച്ച്  വന്‍ പോലീസ് സന്നാഹത്തോടെ യന്ത്രങ്ങള്‍ പ്ലാന്റിലെത്തിക്കാന്‍ കോര്‍പ്പറേഷന്‍ ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ച് വെച്ചിരുന്ന ഈ യന്ത്രങ്ങള്‍ ഇന്ന് വീണ്ടും രഹസ്യമായി വിളപ്പില്‍ശാലയില്‍ എത്തിക്കുകയായിരുന്നു. അപ്രതീക്ഷിത നീക്കമായിരുന്നതിനാല്‍ പ്രതിരോധിക്കാന്‍ നാട്ടുകാരും ഉണ്ടായിരുന്നില്ല. മൂന്ന് ഡി.വൈ.എസ്.പിമാരുടെയും പത്തോളം സി.ഐമാരുടെയും നേതൃത്വത്തില്‍ നൂറിലേറെ പൊലീസുകാരുടെ അകമ്പടിയോടെ കനത്ത സുരക്ഷയിലായിരുന്നു പ്ലാന്റ് മാലിന്യസംസ്‌കരണ ശാലയിലെത്തിച്ചത്.

പിന്നീട് വിവരമറിഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ഇവര്‍ എത്തുകയായിരുന്നു. പോലീസിന്റെ ഒത്താശയോടെയാണ് കോര്‍പ്പറേഷന്‍ നടപടിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പ്ലാന്റ് അടച്ചുപൂട്ടിയില്ലെങ്കില്‍ തിങ്കളാഴ്ച്ച മുതല്‍ അനിശ്ചിതകാല ഹര്‍ത്താല്‍ നടത്തുമെന്നും റോഡ് ഗതാഗതവും സ്‌കൂളുകളും പ്രവര്‍ത്തിക്കില്ലെന്നും നാട്ടുകാര്‍ അറിയിച്ചു.

വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് അടച്ചുപൂട്ടാനുളള തീരുമാനമുണ്ടായില്ലെങ്കില്‍ മരണം വരെ നിരാഹാരം കിടക്കുമെന്ന് വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി അറിയിച്ചു. സര്‍ക്കാര്‍ നാട്ടുകാരെ കബളിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും ശോഭനാകുമാരി അറിയിച്ചു. രാവിലെ സമരസമിതി നേതാക്കളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ശോഭനാകുമാരി തന്റെ തീരുമാനം അറിയിച്ചത്.

അതേസമയം, ഹൈക്കോടതിയുടെ വിധി സര്‍ക്കാര്‍ നടപ്പിലാക്കുകയാണ് ചെയ്തതെന്നാണ്  സി.പി.ഐ.എം നേതാവും എം.എല്‍.എയുമായ വി.ശിവന്‍കുട്ടി പറയുന്നത്. പ്ലാന്റിലെ മലിനജലം സംസ്‌കരിക്കാന്‍ ലീചേറ്റ് സംവിധാനം സഹായകമാകുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമത്തെ വെല്ലുവിളിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അതേസമയം ജനാധിപത്യ വ്യവസ്ഥയില്‍ പ്രതിരോധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിളപ്പില്‍ശാലയിലെ ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നു. കോടതി നിര്‍ദേശം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും അല്‍പ്പം  വൈകിയാണെങ്കിലും കോടതിവിധി നടപ്പാക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more