| Wednesday, 6th November 2024, 9:18 pm

ഗ്വാര്‍ഡിയോളയെ കരയിച്ച് ചെന്നെത്തിയത് പ്രിയ ശിഷ്യന്റെ ചരിത്ര റെക്കോഡില്‍; പോര്‍ച്ചുഗലിന്റെ തലസ്ഥാനത്ത് നിന്നും ചരിത്രത്തിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫുട്‌ബോള്‍ ലോകത്തെ ഒന്നാകെ ഞെട്ടിച്ചാണ് പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയത്. എസ്റ്റാഡിയോ ഹോസെ അല്‍വാല്‍ഡെയില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തുകൊണ്ടായിരുന്നു ലിസ്ബണിന്റെ വിജയം. ഒന്നിനെതിരെ നാല് ഗോളടിച്ചാണ് ലിസ്ബണ്‍ വിജയിച്ചുകയറിയത്.

മത്സരത്തിന്റെ നാലാം മിനിട്ടില്‍ ഫില്‍ ഫോഡനിലൂടെ സിറ്റിയാണ് മുമ്പിലെത്തിയത്. ഹിഡെമാസ മൊറീറ്റയുടെ പിഴവ് മുതലെടുത്ത ഫോഡന്‍ ഗോള്‍കീപ്പര്‍ ഫ്രാങ്കോ ഇസ്രഈലിനെ നിഷ്പ്രഭനാക്കി വലകുലുക്കുകയായിരുന്നു.

മത്സരത്തിന്റെ 38ാം മിനിട്ടില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തി. വിക്ടര്‍ ഗ്യോക്കറസാണ് ഗോള്‍ കണ്ടെത്തിയത്.

ആദ്യ പകുതിയില്‍ ഇരുവരും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതിയുടെ വിസില്‍ മുഴങ്ങിയതിന് പിന്നാലെ സിറ്റി ആരാധകരുടെ നെഞ്ചിടിപ്പ് ഒരുവേള നിലച്ചു. മത്സരം ആരംഭിച്ച് 20ാം സെക്കന്‍ഡില്‍ ലിസ്ബണ്‍ ലീഡ് നേടി. മാക്‌സിമിലിയാനോ അരൗഹോയാണ് ഗോള്‍ കണ്ടെത്തിയത്.

രണ്ടാം ഗോള്‍ പിറന്ന് കൃത്യം മൂന്നാം മിനിട്ടില്‍ ലിസ്ബണ്‍ വീണ്ടും സ്‌കോര്‍ ചെയ്തു. ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടി ഗ്യോക്കറസ് കൃത്യമായി വലയിലെത്തിച്ചു.

69ാം മിനിട്ടില്‍ മത്സരത്തിലേക്ക് തിരിച്ചുവരവിന് അവസരമുണ്ടായിരുന്നെങ്കിലും ഹാന്‍ഡ് ബോളിന് ലഭിച്ച പെനാല്‍ട്ടി എര്‍ലിങ് ഹാലണ്ട് പാഴാക്കി. താരത്തിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങി.

80ാം മിനിട്ടില്‍ വീണ്ടും പെനാല്‍ട്ടിയുടെ രൂപത്തില്‍ ഭാഗ്യം ലിസ്ബണെ തേടിയെത്തി. ജെനി കെട്ടാമോയെ പെനാല്‍ട്ടി ബോക്‌സില്‍ തള്ളിയിട്ടതിന് ലഭിച്ച പെനാല്‍ട്ടി എഡേഴ്‌സണെ മറികടന്ന് വലയിലെത്തിച്ച ഗ്യോക്കറസ് തന്റെ ഹാട്രിക് പൂര്‍ത്തിയാക്കിയതിനൊപ്പം സിറ്റിക്ക് മുമ്പില്‍ തോല്‍വിയുടെ വാതിലും തുറന്നിട്ടു.

ഈ ഹാട്രിക്കിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഈ സ്വീഡിഷ് ഇന്റര്‍നാഷണലിനെ തേടിയെത്തി. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഹാട്രിക് നേടുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്കാണ് ഗ്യോക്കറസ് കാലെടുത്ത് വെച്ചത്.

ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് മാത്രം താരമാണ് ഗ്യോക്കറസ്. ലയണല്‍ മെസി, ക്രിസ്റ്റഫര്‍ എന്‍കോകു എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ മറ്റ് താരങ്ങള്‍.

2016ലാണ് മെസി സിറ്റിസണ്‍സിനെതിരെ ഹാട്രിക് നേടിയത്. സിറ്റിക്കൊപ്പം പെപ് ഗ്വാര്‍ഡിയോളയുടെ ആദ്യ സീസണായിരുന്നു അത്. മെസിയുടെ ഹാട്രിക്കില്‍ ബാഴ്‌സ എതിരില്ലാത്ത നാല് ഗോളിന് വിജയിക്കുകയും ചെയ്തു.

2021ലാണ് എന്‍കോകു മെസിയുടെ റെക്കോഡിനൊപ്പമെത്തിയത്. ആര്‍.പി. ലീപ്‌സീഗിനൊപ്പമാണ് ഫ്രഞ്ച് സൂപ്പര്‍ താരം സിറ്റിയെ കരയിച്ചത്. എത്തിഹാദില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ ആറ് ഗോളിനായിരുന്നു കാളക്കൂറ്റന്‍മാരുടെ വിജയം.

Content Highlight: Viktor Gyökeres equals Lionel Messi’s record

We use cookies to give you the best possible experience. Learn more