national news
'മാപ്പ്, ഹിന്ദു സമൂഹത്തെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല'; പോസ്റ്റ് പിൻവലിച്ച് വിക്രാന്ത് മാസേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Feb 21, 07:03 am
Wednesday, 21st February 2024, 12:33 pm

12ത് ഫെയിൽ എന്ന ചിത്രത്തിലൂടെ സിനിമാ പ്രേക്ഷകർക്ക് സുപരിചതനായ നടനാണ് വിക്രാന്ത് മാസേ. 2018ൽ ഉന്നാവോ, കത്വ കേസിന്റെ പശ്ചാത്തലത്തിൽ താരം എക്‌സിൽ പോസ്റ്റ് ചെയ്ത ശ്രീരാമനും സീതയുമുള്ള ട്വീറ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ട്വീറ്റ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞിരിക്കുകയാണ്. ഹിന്ദു സമൂഹത്തെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് താരം തന്റെ എക്സ് അക്കൗണ്ടിൽ പറഞ്ഞു.

‘2018-ലെ എൻ്റെ ഒരു ട്വീറ്റിൻ്റെ പശ്ചാത്തലത്തിൽ, കുറച്ച് വാക്കുകൾ പറയാൻ ആഗ്രഹിക്കുന്നു. ഹിന്ദു സമൂഹത്തെ ദ്രോഹിക്കാനോ അപകീർത്തിപ്പെടുത്താനോ അനാദരിക്കാനോ ഞാൻ ഉദ്ദേശിച്ചിട്ടില്ല.

പക്ഷേ, തമാശയായി ചെയ്ത ഒരു ട്വീറ്റിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, അതിന് അരോചകമായ ഒരു വശമുണ്ടെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു. പത്രത്തിൽ വന്ന കാർട്ടൂൺ ചേർക്കാതെ ആ കാര്യം എനിക്ക് പറയാമായിരുന്നു. എന്റെ ട്വീറ്റിന്റെ പേരിൽ വേദനിപ്പിച്ച എല്ലാവരോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും ഏറ്റവും ഉയർന്ന ബഹുമാനത്തോടെ കാണുന്ന ഒരാളാണ് ഞാനെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. നമ്മളെല്ലാവരും കാലത്തിനനുസരിച്ച് വളരുകയും നമ്മുടെ തെറ്റുകളെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു. ഇത് എന്റെ തെറ്റാണ്,’ വിക്രാന്ത് കുറിച്ചു.

2018ലെ ട്വീറ്റ്: ‘പാതി ചുട്ട ഉരുളക്കിഴങ്ങും, പാതി ചുട്ടുപഴുത്ത ദേശീയവാദികളുടെയും കുടലിൽ മാത്രമേ വേദന ഉണ്ടാകു. #KathuaCase #Unnao #Shame’എന്നായിരുന്നു വിക്രാന്ത് കുറിച്ചത്. ഇതിന്റെ കൂടെ സീതയും ശ്രീരാമാനുമുള്ള ഒരു കാർട്ടൂണും താരം പങ്കുവെച്ചിരുന്നു. ‘നിങ്ങളുടെ ഭക്തരല്ലാതെ, ഒരു രാവണൻ എന്നെ തട്ടികൊണ്ട് വന്നതിൽ ഒരുപാട് സന്തോഷിക്കുന്നു’ എന്ന് കാർട്ടൂണിൽ സീത രാമനോട് പറയുന്നതാണ് താരം പോസ്റ്റ് ചെയ്തത്. ഇപ്പോൾ ട്വീറ്റ് ചർച്ചയതോടെയാണ് താരം പോസ്റ്റ് പിൻവലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തത്.

Content Highlight: Vikranth massey apologies on his old tweet