12th ഫെയില്‍ എന്ന ചിത്രത്തിലെ മനോജ് കുമാര്‍ ശര്‍മയായി ഗംഭീര പ്രകടനം കാഴ്ചവെച്ച വിക്രാന്ത് മാസേയെ ആരും മറക്കാനിടയില്ല. സിവില്‍ സര്‍വീസ് പരീക്ഷക്കായി കഷ്ടപ്പെട്ട് പഠിക്കുന്ന, ലക്ഷ്യം സാധിക്കാന്‍ വേണ്ടി അത്രമേല്‍ പ്രയത്‌നിക്കുന്ന കഥാപാത്രമായി വിക്രാന്ത് ജീവിക്കുകയായിരുന്നു.
12th ഫെയിലിന് ശേഷം വിക്രാന്ത് വീണ്ടും ഞെട്ടിച്ച സിനിമയാണ് സെക്ടര്‍ 36. ഇന്ത്യയെ ഞെട്ടിച്ച നിഠാരി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി ആദിത്യ നിംബാല്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. വിക്രാന്തില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രകടനമാണ് ചിത്രത്തില്‍ കാണാന്‍ സാധിച്ചത്.
മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത, ചെയ്ത ക്രൈമുകളില്‍ തരിമ്പും കുറ്റബോധമില്ലാത്ത പ്രേം സിങ് എന്ന കഥാപാത്രമായി വിക്രാന്ത് ജീവിക്കുകയായിരുന്നു. പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന സിനിമയുടെ അഞ്ചാം മിനിറ്റില്‍ തന്നെ വിക്രാന്തിന്റെ കഥാപാത്രം നമ്മളെ ഞെട്ടിക്കുന്നുണ്ട്. സിനിമയെ ആദ്യാവസാനം മുന്നോട്ട് കൊണ്ടുപോകുന്നത് പ്രേം സിങ് എന്ന കഥാപാത്രമാണെന്ന് പറയാം.
ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ 16 മിനിറ്റോളം വരുന്ന ഇന്ററോഗേഷന്‍ സീന്‍ ഉണ്ട്. രാക്ഷസനടികന്‍ എന്നേ ആ സീനിലെ വിക്രാന്ത് മാസേയുടെ പ്രകടനം കാണുമ്പോള്‍ പറയാന്‍ കഴിയുള്ളൂ. ചെയ്ത കുറ്റങ്ങള്‍ എല്ലാം പൊലീസിനോട് പറയുമ്പോള്‍ മുഖത്ത് വരുന്ന ഭാവങ്ങളും ഡയലോഗ് ഡെലിവറിയും കാണുമ്പോള്‍ ഇയാളിത് ശരിക്കും കൊലപാതകം ചെയ്തിട്ടുണ്ടോ എന്ന് തോന്നിപ്പോകും. ഹോളിവുഡ് സീരീസായ മൈന്‍ഡ് ഹണ്ടറിലെ ചോദ്യം ചെയ്യല്‍ സീനിനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള സീനായിരുന്നു ഈ ചിത്രത്തിലേത്.
കണ്ണുകളിലൂടെ കഥാപാത്രത്തിന്റെ ഭാവം എത്തിക്കുന്നതില്‍ താനും ഒട്ടും പിന്നിലല്ല എന്ന് ആ സീനില്‍ വിക്രാന്ത് തെളിയിച്ചു. കഴിവിനൊത്തുള്ള അവസരങ്ങള്‍ ലഭിച്ചാല്‍ ബോളിവുഡിന്റെ ഉയരത്തില്‍ എത്താന്‍ കഴിയുന്ന നടനാണ് വിക്രാന്ത് മാസേ. 12th ഫെയില്‍ വെറുമൊരു സാമ്പിള്‍ മാത്രമായിരുന്നു. വിക്രാന്ത് മാസേയെത്തേടി മികച്ച കഥാപാത്രങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.
വളരെയധികം ഡിസ്റ്റര്‍ബിങ്ങായ, കണ്ട് കഴിയുമ്പോള്‍ മനസില്‍ കല്ല് കയറ്റിവെച്ചതുപോലെ ഒരു ഫീലാണ് സെക്ടര്‍ 36 സമ്മാനിച്ചത്. ലോലഹൃദയരായിട്ടുള്ളവര്‍ കാണാന്‍ പാടില്ലാത്ത ചിത്രം കൂടിയാണ് സെക്ടര്‍ 36. പണക്കാര്‍ താമസിക്കുന്ന സ്ഥലത്തിനടുത്ത് അന്നന്നത്തെ അന്നത്തിനായി കഷ്ടപ്പെട്ട് പണിയെടുക്കുന്ന ഒരു ജനതയോട് അധികാരികള്‍ കാണിക്കുന്ന മനോഭാവം കൃത്യമായി ചിത്രം വരച്ചിടുന്നുണ്ട്. ഇന്ത്യയിലെ അന്നത്തെ പൊലീസ് സിസ്റ്റത്തെയും ചിത്രം അടയാളപ്പെടുത്തുന്നുണ്ട്.
Content Highlight: Vikrant Massey’s performance in Sector 36 is discussing by social media