12th ഫെയില്‍ എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന വിക്രാന്ത് മാസി അഭിനയ ജീവിതത്തിനോട് വിട പറയുന്നു. വിക്രാന്ത് തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ അറിയിച്ചത്. 2025ന് ശേഷം അഭിനയത്തില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹിക്കുന്നു എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.
‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളും അതിനപ്പുറവും അസാധാരണമായിരുന്നു. നിങ്ങളുടെ മായാത്ത പിന്തുണയ്ക്ക് ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. എന്നാല്‍ ഞാന്‍ മുന്നോട്ട് പോകുമ്പോള്‍, ഒരുപാട് ചിന്തിച്ച് വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസ്സിലാക്കുന്നു. ഒരു ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയിലും കൂടാതെ ഒരു അഭിനേതാവ് എന്ന നിലയിലും.
നമ്മള്‍ 2025ല്‍ ഒരിക്കല്‍ക്കൂടി അവസാനമായി കണ്ടുമുട്ടും. ശരിയായ സമയം വരുന്നതുവരെ. അവസാനത്തെ രണ്ട് ചിത്രങ്ങള്‍ക്കും നിരവധി വര്‍ഷത്തെ ഓര്‍മകള്‍ക്കും വീണ്ടും നന്ദി. എല്ലാവര്‍ക്കും എല്ലാത്തിനും ഒരിക്കല്‍ കൂടി നന്ദി. എക്കാലവും കടപ്പെട്ടിരിക്കുന്നു,’ വിക്രാന്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നടന്‍ വിക്രാന്ത് മാസി തന്റെ പ്രൊഫഷണല്‍ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസായ സബര്‍മതി എക്സ്പ്രസ് ബോക്സ് ഓഫീസില്‍ ശക്തമായ മുന്നേറ്റമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. 12th ഫെയില്‍ എന്ന ചിത്രത്തിലെയും സെക്ടര്‍ 36 ലെയും പ്രകടനത്തിന് വലിയ രീതിയില്‍ അദ്ദേഹം പ്രശംസിക്കപ്പെട്ടിരുന്നു. കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് വിക്രാന്ത് മാസി തന്റെ 37ാം വയസില്‍ സിനിമ ജീവിതത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ധൂം മച്ചാവോ ധൂം എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് വിക്രാന്ത് മാസി അഭിനയ ജീവിതം ആരംഭിച്ചത്. 2009ല്‍ ബാലികാ വധുവിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. 2013ല്‍ പുറത്തിറങ്ങിയ ലൂട്ടേര എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. 2017ല്‍ എ ഡെത്ത് ഇന്‍ ദ ഗഞ്ച് എന്ന ചിത്രത്തിലാണ് വിക്രാന്ത് തന്റെ ആദ്യ നായക വേഷം ചെയ്തത്. ജിന്നി വെഡ്സ് സണ്ണി, ഹസീന്‍ ദില്‍റുബ, സെക്ടര്‍ 36, 12th ഫെയില്‍ എന്ന ചിത്രങ്ങളിലൂടെ വിക്രാന്ത് തന്റെ പേര് പ്രേക്ഷകമനസില്‍ കോറിയിട്ടു.
Content Highlight: Vikrant Massey announces retirement from acting