icc world cup
എളുപ്പത്തില്‍ ജയിക്കാമെന്ന് കരുതിയോ ബാബറേ, യുവരാജിനെ പോലെ ഇതും മറ്റൊരു സിങ്ങാ... അടിച്ചൊതുക്കി വിക്രംജീത്
ഐ.സി.സി ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറി വിജയം ലക്ഷ്യമിട്ടാണ് നെതര്‍ലന്‍ഡ്‌സ് ബാറ്റിങ് തുടരുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനുയര്‍ത്തിയ 287 റണ്‍സിന്റെ ടോട്ടല്‍ ഡച്ച് പട ചെയ്‌സ് ചെയ്യുകയാണ്.
ഓപ്പണര്‍ വിക്രംജീത് സിങ്ങിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് നെതര്‍ലന്‍ഡ്‌സ് പൊരുതുന്നത്. 67 പന്തില്‍ 52 റണ്‍സ് നേടിയാണ് വിക്രംജീത് തന്റെ ആദ്യ ലോകകപ്പ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഷഹീന്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളെ തുടരെ ബൗണ്ടറി കടത്തിയാണ് താരം സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 287 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് മാക്‌സ് ഒ ഡൗഡിനെ തുടക്കത്തിലെ നഷ്ടമായിരുന്നു. 12 പന്തില്‍ അഞ്ച് റണ്‍സാണ് താരം നേടിയത്.
പിന്നാലെയെത്തിയ കോളിന്‍ അക്കര്‍മാനൊപ്പം ചേര്‍ന്ന് മികച്ച പാര്‍ട്ണര്‍ഷിപ്പ് കെട്ടിപ്പടുക്കുന്നതിനിടെ രണ്ടാം വിക്കറ്റായി അക്കര്‍മാനും പുറത്തായി. 21 പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം 17 റണ്‍സാണ് അക്കര്‍മാന്‍ നേടിയത്.
എന്നാല്‍ നാലാം നമ്പറില്‍ കളത്തിലിറങ്ങിയ ബാസ് ഡി ലീഡിനൊപ്പം ചേര്‍ന്ന് വിക്രംജീത് സ്‌കോറിങ്ങിന് അടിത്തറയൊരുക്കി. ടീം സ്‌കോര്‍ 50ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് 120ാം റണ്‍സിലാണ് പിരിയുന്നത്. വിക്രംജീതിനെ പുറത്താക്കി ഷദാബ് ഖാനാണ് കൂട്ടുകെട്ട് പൊളിച്ചത്.
മൂന്നാം വിക്കറ്റില്‍ നിര്‍ണായകമായ 70 റണ്‍സാണ് ഇവര്‍ ടോട്ടലിലേക്ക് എഴുതിച്ചേര്‍ത്തത്.
താരത്തിന്റെ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. യുവരാജ് സിങ്ങിനെയും ഹര്‍ഭജന്‍ സിങ്ങിനെയും പോലെ പോലെ മറ്റൊരു സിങ്ങും പാകിസ്ഥാന്റെ പേടി സ്വപ്‌നമാകുന്നു, വളരെ മികച്ച ഇന്നിങ്‌സ് എന്നെല്ലാമാണ് ആരാധകര്‍ വിക്രംജീത്തിനെ പുകഴ്ത്തുന്നത്.
അതേസമയം, ബാസ് ഡി ലീഡും അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികിലാണ്. 49 പന്തില്‍ 49 റണ്‍സാണ് താരം നേടിയിരിക്കുന്നത്.
നിലവില്‍ 26 ഓവറില്‍ 129 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് നെതര്‍ലന്‍ഡ്‌സ്.
നേരത്തെ ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പാകിസ്ഥാന്റെ ടോപ് ഓര്‍ഡറിനെ നിഷ്പ്രഭമാക്കിയാണ് ഡച്ച് ബൗളര്‍മാര്‍ കരുത്ത് കാട്ടിയത്.
എന്നാല്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി പാകിസ്ഥാനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റി.
ഒമ്പത് ഓവറില്‍ 62 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ ബാസ് ഡി ലീഡാണ് പാകിസ്ഥാന്‍ ബൗളിങ് നിരയെ ആക്രമിച്ചത്. മുഹമ്മദ് റിസ്വാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഹസന്‍ അലി എന്നിവരെയാണ് ലീഡ് പുറത്താക്കിയത്.
നെതര്‍ലന്‍ഡ്സിനായി കോളിന്‍ അക്കര്‍മാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആര്യന്‍ ദത്ത്, ലോഗന്‍ വാന്‍ ബീക്, പോള്‍ വാന്‍ മീകരെന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content highlight: Vikramjeet Singh scored half century against Pakistan