| Monday, 13th December 2021, 10:53 am

'സേതുരാമയ്യര്‍ക്കൊപ്പം വിക്രമും ഉണ്ടാകും'; സി.ബി.ഐ 5 ല്‍ ജഗതി ശ്രീകുമാറും അഭിനയിക്കും, ചിത്രീകരണം തിരുവനന്തപുരത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സി.ബി.ഐ സീരിസിലെ അഞ്ചാം ചിത്രം. ഒരേ കഥാപാത്രത്തെ നായകനാക്കി അഞ്ചാം ഭാഗമിറങ്ങുന്ന മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണിത്.

മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും സേതുരാമയ്യര്‍ ആയി എത്തുമ്പോള്‍ ആരാധകര്‍ക്ക് ചെറിയൊരു സങ്കടം കൂടിയുണ്ടായിരുന്നു. സി.ബി.ഐ സീരിസിലെ എല്ലാ ഭാഗങ്ങളിലും സേതുരാമയ്യര്‍ക്കൊപ്പമുണ്ടായിരുന്ന വിക്രം ആയി അഭിനയിച്ച ജഗതി ശ്രീകുമാര്‍ അഞ്ചാം ഭാഗത്തില്‍ ഉണ്ടാവില്ലല്ലോ എന്നതായിരുന്നു അത്.

എന്നാല്‍ സി.ബി.ഐയുടെ അഞ്ചാം ഭാഗത്തിലും ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേരള കൗമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജഗതിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരിക്കും സിനിമയുടെ ചിത്രീകരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ 29 നാണ് സി.ബി.ഐ സീരിസിന്റെ അഞ്ചാം ഭാഗം കൊച്ചിയില്‍ ആരംഭിച്ചത്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംതവണയും മമ്മൂട്ടിയെ സേതുരാമയ്യരായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്.

ബാസ്‌കറ്റ് കില്ലിംഗ് എന്ന തീം മുന്‍നിര്‍ത്തിയാണ് സി.ബി.ഐ 5 എന്ന് നേരത്തെ എസ്.എന്‍. സ്വാമി വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സി.ബി.ഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോള്‍ ഏറെ പ്രശസ്തമായ ബി.ജി.എമ്മില്‍ മാറ്റമുണ്ടാകുമെന്ന് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

സേതുരാമയ്യരായി മമ്മൂട്ടി വീണ്ടമെത്തുമ്പോള്‍ രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ഇത്തവണ കൂട്ടിനുണ്ടാവും. സായ്കുമാര്‍, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്.

1988 ല്‍ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യം സി.ബി.ഐയുടെ വരവ്. സിനിമക്ക് വന്‍ സ്വീകാര്യത ലഭിച്ചതോടെ 1989 ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാമതും സി.ബി.ഐ എത്തി.

ജാഗ്രതയും ബോക്‌സോഫീസ് ഹിറ്റായിരുന്നു. പിന്നീട് ഒരു ഇടവേളക്ക് ശേഷമാണ് സി.ബി.ഐ വരുന്നത്. 2004ല്‍ സേതുരാമയ്യര്‍ സി.ബി.ഐ എന്ന പേരിലായിരുന്നു അത്.

തൊട്ടടുത്ത വര്‍ഷം നേരറിയാന്‍ സി.ബി.ഐയും എത്തി. എല്ലാ സി.ബി.എ കഥാപാത്രങ്ങളെയും ഇരുകൈയ്യും നീട്ടിയാണ് മലയാളികള്‍ ഏറ്റെടുത്തത്.

നാലു ഭാഗങ്ങളും ഒരുപോലെ പ്രദര്‍ശന വിജയം നേടി എന്നൊരു പ്രത്യേകത കൂടെ സി.ബി.ഐക്കുണ്ട്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഇപ്പോള്‍ ഒരുങ്ങുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

‘Vikram will be with Sethuramayyar’; Actor Jagathy Sreekumar will also act in CBI 5 with Actor Mammootty, which will be shot in Thiruvananthapuram

We use cookies to give you the best possible experience. Learn more