ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ലിയോ റിലീസ് ചെയ്തിരിക്കുകയാണ്. പാര്‍ത്ഥിപന്‍, ലിയോ എന്നീ രണ്ട് ഗെറ്റപ്പുകളില്‍ വിജയ് എത്തിയ ചിത്രത്തില്‍ തൃഷ ആയിരുന്നു നായിക. എല്‍.സി.യുവിലേക്ക് തന്നെയാണ് ലിയോയുടെ വരവും. മുന്‍ എല്‍.സി.യു ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ലിയോയില്‍ എത്തിയിരുന്നു.
ലിയോ റിലീസിന് പിന്നാലെ ഇപ്പോള്‍ എയറിലായിരിക്കുന്നത് വിക്രത്തിലെ കമല്‍ ഹാസനാണ്. ഇന്ത്യയിലെവിടെയും ഡ്രഗ്‌സിനെതിരെ പ്രവര്‍ത്തിക്കുന്നവരെ സ്വന്തം ടീമിലേക്ക് എടുക്കുകയാണ് വിക്രം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരപ്പേല്‍ മത്തായിയുടെ തീപ്പെട്ടി കമ്പനി കത്തിച്ച പാപ്പിയേയും കരിപ്പള്ളി സുഗുണന്റെ ഇല്ലീഗല്‍ ആല്‍ക്കഹോള്‍ നശിപ്പിച്ച എല്‍സമ്മയേയും കൊത്തയില്‍ കഞ്ചാവ് നിരോധിച്ച രാജുവിനേയും സ്റ്റീഫന്‍ നെടുമ്പള്ളിയേയുമെല്ലാം ഇങ്ങനെ വിക്രം റിക്രൂട്ട്‌മെന്റിനായി വിളിക്കുന്നതാണ് ട്രോളുകളില്‍ കാണുന്നത്. ഈ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ഒക്ടോബര്‍ 19നാണ് ലിയോ തിയേറ്ററിലെത്തിയത്. സമ്മിശ്രപ്രതികരണങ്ങള്‍ക്കിടയിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. 148.5 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യദിന വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍. ചിത്രത്തിന്റെ നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസാണ് വിവരം പങ്കുവെച്ചത്.
വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കളക്ഷനിലും മുന്നിലാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ലിയോയില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങളാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്.
Content Highlight: vikram trolls became viral after leo release